അടിതെറ്റിയ ഷാജി; ലീഗ് കയ്യൊഴിഞ്ഞേക്കും

നെല്‍വിന്‍ വില്‍സണ്‍| Last Modified ബുധന്‍, 5 മെയ് 2021 (11:30 IST)

കെ.എം.ഷാജിയുടെ രാഷ്ട്രീയ ജീവിതത്തിനു തന്നെ വലിയ വെല്ലുവിളിയായിരിക്കുകയാണ് അഴീക്കോട് മണ്ഡലത്തിലെ തോല്‍വി. പരാജയ സാധ്യത മുന്നില്‍ കണ്ടാണ് സീറ്റ് മാറാന്‍ ഷാജി ആഗ്രഹിച്ചത്. എന്നാല്‍, അഴീക്കോട് തന്നെ മത്സരിക്കാന്‍ ലീഗ് ഷാജിക്ക് നിര്‍ദേശം നല്‍കി. തിരഞ്ഞെടുപ്പ് തോല്‍വിയോടെ ഷാജിയുടെ രാഷ്ട്രീയ ഭാവിയും തുലാസിലായി. ഇനിയൊരു തിരഞ്ഞെടുപ്പില്‍ കൂടി ലീഗ് ഷാജിക്ക് അവസരം നല്‍കില്ല. ലീഗ് നേതൃത്വത്തിലേക്ക് ഷാജിയെ കൊണ്ടുവരാനും സാധ്യതയില്ല. ലീഗിനുള്ളില്‍ ഷാജിയോട് അതൃപ്തിയുള്ള നിരവധി നേതാക്കളുണ്ട്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പില്‍ തോറ്റ ഷാജി കൂടുതല്‍ തിരിച്ചടികള്‍ നേരിടേണ്ടിവരും. ഷാജിക്കെതിരായ ആരോപണങ്ങള്‍ തിരിച്ചടിയായെന്ന് ലീഗും വിലയിരുത്തുന്നു. അനധികൃത സ്വത്ത് സമ്പാദനവും കോഴക്കേസും അഴീക്കോട് മണ്ഡലത്തിലെ തോല്‍വിക്ക് കാരണമായിട്ടുണ്ടെന്നാണ് ലീഗ് നേതൃത്വത്തിന്റെ അഭിപ്രായം. എതിരാളികളെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള ഷാജിയുടെ സംസാരരീതി ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്‌തെന്നും ലീഗ് വിലയിരുത്തുന്നു. തുടര്‍ഭരണം ലഭിച്ച സാഹചര്യത്തില്‍ ഷാജിക്കെതിരായ കേസുകളില്‍ തുടര്‍ നടപടികള്‍ വേഗത്തില്‍ ഉണ്ടായേക്കാം. ഇപ്പോള്‍ ഷാജിയെ സംരക്ഷിക്കാന്‍ നോക്കിയാല്‍ പാര്‍ട്ടി പ്രതിരോധത്തിലാകുമെന്നാണ് ലീഗിനുള്ളിലെ പൊതു അഭിപ്രായം. അതുകൊണ്ട് തന്നെ ലീഗ് നേതൃത്വത്തിലേക്ക് വരാനുള്ള ഷാജിയുടെ എല്ലാ സാധ്യതകളും അടഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :