കോട്ടയം|
jibin|
Last Updated:
ബുധന്‍, 20 ജനുവരി 2016 (15:25 IST)
കേരളത്തിൽ റബറിനു വിലയിടിക്കുന്നതിനു പിന്നിൽ മുന്‍ ധനമന്ത്രി കെഎം മാണിയും ജോസ് കെ മാണിയുമാണെന്ന്
പിസി ജോർജ്. ഇരുവരുടെയും ബന്ധുക്കള്‍ നേതൃത്വം നല്‍കുന്ന റോയൽ മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് എന്ന കമ്പനിയാണ് റബറിന്റെ വിലയിടിയിക്കുന്നത്. സഭാ നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചുക്കൊണ്ട് റബര്‍ കര്‍ഷകരെ കബളിപ്പിക്കാനാണ് ജോസ് കെ മാണി നിരാഹാര സമരം നടത്തുന്നതെന്നും ജോർജ് ആരോപിച്ചു.
എറണാകുളം കേന്ദ്രമാക്കി 1989 മുതൽ പ്രവർത്തിക്കുന്ന റോയൽ മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് എന്ന കമ്പനിയുടെ പിന്നിൽ കെഎം മാണിയും ജോസ് കെമാണിയും ഇവരുടെ ബന്ധുക്കളുമാണ്. റിലയൻസ് കമ്പനിയുടെ ഏജന്റായിട്ടാണ് ഈ കമ്പനി പ്രവര്‍ത്തിക്കുന്നത്. നേരത്തെ ജോസ് കെ മാണി കമ്പനിയുടെ പാർട്ണർ ആയിരുന്നു. പിന്നീട് ഇദ്ദേഹം എംപിയായതോടെ ഭാര്യ നിഷയെ കമ്പനിയുടെ പാർട്നർ സ്ഥാനം ഏല്‍പ്പിക്കുകയായിരുന്നുവെന്നും ജോര്‍ജ് വ്യക്തമാക്കി.
മാണിയുടെ സഹായത്തോടെ നികുതി വെട്ടിച്ചാണ് ഈ കമ്പനി പ്രവര്‍ത്തിച്ചുവരുന്നത്. കൊച്ചി നഗരസഭയിൽ ഇതുവരെ ഈ കമ്പനി രജിസ്‌റ്റര്‍ ചെയ്‌തിട്ടില്ല. ഇതിനെല്ലാം പിന്നില്‍ മാണിയും മകനുമാണ്. മാണിയുടെ മകളുടെ ഭർത്താവ് മാത്യു സേവ്യറാണ് കമ്പനിയുടെ സാരഥ്യം വഹിക്കുന്നവരിൽ ഒരാൾ. മറ്റൊരു പാർട്നർ മാണിയുടെ മരുമകന്റെ അനുജന്റെ ഭാര്യ രൂപയാണെന്നും ജോർജ് ആരോപിച്ചു.
ഇതു സംബന്ധിക്കുന്ന രേഖകളും കോട്ടയം പ്രസ് ക്ലബ്ബിൽ നടത്തിയ മുഖാമുഖത്തിൽ ജോര്‍ജ് പുറത്തു വിട്ടു. കൂടുതൽ തെളിവുകൾ വരും ദിവസം പുറത്തു വിടുമെന്നും അദ്ദേഹം പറഞ്ഞു.