കോട്ടയം|
jibin|
Last Modified ചൊവ്വ, 23 ഫെബ്രുവരി 2016 (15:16 IST)
നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ നിന്ന് ജനവിധി തേടുമെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണി. താൻ മൽസരിക്കണമെന്നത് പാലാക്കാരുടെ ആഗ്രഹമാണ്. അവരില്‍ നിന്നും ഒളിച്ചോടാന്‍ തനിക്ക് കഴിയില്ല. താന്‍ മത്സരിക്കില്ലെന്ന് പറയുന്നവര്‍ ശത്രുക്കളാണ്. പരസ്യപ്രസ്‌താവനകള്‍ അതിരുകടക്കുകയും അച്ചടക്കം ലംഘിക്കുകയും ചെയ്യുന്നവര്‍ക്ക് പിസി ജോര്‍ജിന്റെ ഗതിയായിരിക്കുമെന്നും അതോടൊപ്പം സ്വയം പ്രഖ്യാപിത സ്‌ഥാനാര്‍ഥികളും അനുഭവിക്കുമെന്ന് മാണി പറഞ്ഞു.
ആരോഗ്യമുള്ളിടത്തോളം തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ നിന്നു വിട്ടുനിൽക്കില്ല. തെരഞ്ഞെടുപ്പില്‍ കേരളാ
കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ ചോദിക്കും. പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായവ്യത്യാസമില്ല. പാര്‍ട്ടിയിലെ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികള്‍ അനുഭവിക്കും. പാര്‍ട്ടിക്ക് എതിരായ നീക്കത്തിന് പിന്നില്‍ ഒന്നോ രണ്ടോ പേര്‍ മാത്രമാണ്. അതിനു പിന്നിലെ അണിയറ നീക്കങ്ങൾ അറിയുന്നുണ്ട്. സമയമാകുമ്പോൾ അതു വേണ്ടരീതിയിൽ കൈകാര്യം ചെയ്യും. ന്യായമായ സീറ്റ് വിഭജനം യുഡിഎഫ് നടത്തുമെന്നാണ് പ്രതീക്ഷയെന്നും മാണി പറഞ്ഞു.
വിവാദങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്നു പറഞ്ഞ കെ.എം.മാണി റബർ വിഷയത്തിൽ കേന്ദ്ര ഇടപെടൽ പോരെന്നും അഭിപ്രായപ്പെട്ടു. അതേസമയം സീറ്റ് വിഭജനത്തിന്റെ പേരില്‍ പിജെ ജോസഫ് വിഭാഗം ഉടക്കി നില്‍ക്കുകയാണ്. കൂടുതല്‍ സീറ്റുകള്‍ വേണമെന്നും സീറ്റുകള്‍ വെച്ചുമാറില്ലെന്നുമാണ് ജോസഫ് വിഭാഗം വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് പരസ്യപ്രസ്‌താവനകള്‍ നടത്തുന്നതിനെ മാണി വിലക്കിയതും അത്തരക്കാര്‍ക്ക് ജോര്‍ജിന്റെ ഗതി വരുമെന്നും വ്യക്തമാക്കിയത്.