കേരളാ കോണ്‍ഗ്രസില്‍ (എം) പൊട്ടിത്തെറി; മാണിയും ജോസഫും നേര്‍ക്കുനേര്‍; ജോസഫ് വിഭാഗത്തിന് രണ്ടു സീറ്റേ നല്‍കൂവെന്നു മാണി, ജോസഫ് വിഭാഗം യോഗം ചേര്‍ന്നു

നിയമസഭാ തെരഞ്ഞെടുപ്പ് ,  കേരള കോണ്‍ഗ്രസില്‍ (എം) , കെഎം മാണി , പിജെ ജോസഫ്
കോഴിക്കോട്| jibin| Last Modified വെള്ളി, 19 ഫെബ്രുവരി 2016 (12:45 IST)
നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കവെ സീറ്റിനെചൊല്ലി കേരള കോണ്‍ഗ്രസില്‍ (എം) പൊട്ടിത്തെറി. പിജെ ജോസഫ് വിഭാഗത്തിന് രണ്ടു സീറ്റേ നല്‍കാനാവൂവെന്നു പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണി വ്യക്തമാക്കിയതോടെയാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് തുടക്കമായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ജോസഫ്‌ വിഭാഗം പ്രത്യേകം യോഗം ചേരുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്‌തു.

ജോസഫ് വിഭാഗത്തിന് രണ്ടു സീറ്റേ നല്‍കാന്‍ കഴിയുകയുള്ളുവെന്നും കൂടുതല്‍ സീറ്റുകള്‍ വേണമെങ്കില്‍ കോണ്‍ഗ്രസിനോട് ചോദിച്ച് വാങ്ങിക്കൊള്ളാനുമാണ് മാണി വ്യക്തമാക്കിയിരിക്കുന്നത്. യുഡിഎഫിനെ സംബന്ധിച്ച് ഒട്ടും സുരക്ഷിതമല്ലാത്ത സ്ഥലവും യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് അല്ലാത്തതുമായ ഏറ്റുമാനൂര്‍ മോന്‍സ് ജോസഫിന് നല്‍കാമെന്നും മോന്‍‌സിന്റെ

സിറ്റിംഗ് സീറ്റായ കടുത്തുരുത്തി നല്‍കാനാവില്ലെന്നാണു മാണിയുടെ നിലപാട്.

പൂഞ്ഞാറില്‍ മത്സരിക്കാന്‍ ഫ്രാന്‍സിസ് ജോര്‍ജിന് താല്‍പര്യമുണ്ട്. എന്നാല്‍ പൂഞ്ഞാര്‍ നല്‍കാനാവില്ലെന്നാണ് മാണിയുടെ പക്ഷം. ഫ്രാന്‍സിസ് ജോര്‍ജിന് പ്രതീക്ഷയുള്ള സീറ്റ് കിട്ടിയില്ലെങ്കില്‍ മത്സരിക്കില്ല. ഇതും ജോസഫ് വിഭാഗക്കാരുടെ അതൃപ്തിക്കു കാരണമായിട്ടുണ്ട്. നിലവില്‍ മൂന്ന് എംഎല്‍എമാരാണ് ജോസഫ് ഗ്രൂപ്പിനുള്ളത്. മോന്‍സ് ജോസഫ് (കടുത്തുരുത്തി), പി ജെ ജോസഫ് (തൊടുപുഴ), ടിയു കുരുവിള( കോതമംഗലം).


അതേസമയം, ഈ സാഹചര്യത്തില്‍ ചില ജോസഫ് പക്ഷനേതാക്കള്‍ക്ക് ഇടതുപാളയത്തിലേക്ക് തിരികെ പോകണമെന്ന താല്‍പ്പര്യവുമുണ്ട്. എന്നാല്‍ എല്‍ഡി‌എഫിലേക്ക് മടങ്ങാന്‍ ജോസഫ് ആഗ്രഹിക്കുന്നില്ലെന്നാണ് അറിയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ അത്തരമൊരു തീരുമാനമെടുത്താല്‍ തിരിച്ചടിയാകുമെന്നാണ് അദ്ദേഹം കരുതുന്നത്.

ബാര്‍ കോഴക്കേസിലും രാജിവെക്കേണ്ട സാഹചര്യം സംജാതമായപ്പോഴും ജോസഫില്‍ നിന്ന് പ്രതീക്ഷിച്ച പിന്തുണ
ലഭിക്കാതിരുന്നതാണ് മാണിയെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :