മാണിയോട് രാജി ആവശ്യപ്പെട്ടിട്ടില്ല, അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് സർക്കാരിനെ നിർവീര്യമാക്കാമെന്ന് കരുതേണ്ട: മുഖ്യമന്ത്രി

   കെഎം മാണി , ബാര്‍ കോഴ കേസ് , മന്ത്രി കെ ബാബു , മുഖ്യമന്ത്രി ഉമ്മൻചാണ്ടി
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 11 നവം‌ബര്‍ 2015 (12:17 IST)
കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണിയുടെ രാജി ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ധാര്‍മികതയുടെ പേരില്‍ അദ്ദേഹം രാജിവെക്കുകയാണ്. ഹൈക്കോടതി വിധിയില്‍ മാണിക്കെതിരെ എന്താണുള്ളത്. മാണിയുടെ രാജി താന്‍ ആവശ്യപ്പെട്ടുവെന്ന വാര്‍ത്തകള്‍ തെറ്റാണ്. മാധ്യമങ്ങളാണ് അത്തരം വാര്‍ത്തകള്‍ സൃഷ്‌ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തോമസ് ഉണ്ണിയാടന്റെ രാജിയില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. മതിയായ ചര്‍ച്ചകള്‍ക്കു ശേഷം തീരുമാനം ഉണ്ടാകും. തല്‍ക്കാലത്തേക്ക് ധനവകുപ്പ് താന്‍ തന്നെ കൈകാര്യം ചെയ്യും. അങ്ങനെയാണ് കെഎം മാണി ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തില്‍ കൂടിയാലോചനകള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തുടര്‍ച്ചയായി അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് സർക്കാരിനെ നിർവീര്യമാക്കാമെന്നോ ആത്മവിശ്വാസം തകർക്കാമെന്നോ ആരും കരുതേണ്ടെ. മന്ത്രി കെ ബാബുവിനെതിരായ ബിജു രമേശിന്റെ ആരോപണം ദുരുദ്ദേശപരമാണ്. കഴിഞ്ഞ ഒരു വർഷമായി ഈ ആരോപണങ്ങൾ കേൾക്കുകയാണ്. ബിജു രമേശിന്റെ ആരോപണം വരട്ടെ അപ്പോള്‍ കാണാമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മദ്യനയത്തിൽ കൂടുതൽ കർശന നടപടികൾ ഉടൻ ഉണ്ടാകും. ആരോപണങ്ങളില്‍ സര്‍ക്കാരിനെ വീഴ്ത്താം എന്ന് ആരും കരുതേണ്ട എന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :