Sumeesh|
Last Modified ചൊവ്വ, 29 മെയ് 2018 (21:00 IST)
പ്രണയ വിവാഹത്തിന്റെ പേരിൽ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി പൊലീസ് പിടിയിലായി. ഭരണിക്കാവ് സ്വദേശി മനുവാണ് പിടിയിലായത്. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരു വാഹനം ഓടിച്ചിരുന്നത് മനുവാണ് എന്നാണ് സൂചന.
കൊലപാതകത്തിലെ മുഖ്യപ്രതികളായ കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ് കൊല്ലം തെന്മല ഒറ്റക്കൽ സാനു ഭവനിൽ ചാക്കോ, സഹോദരൻ സാനു ചാക്കോ എന്നിവർ നേരത്തെ പിടിയിലായിരുന്നു. ഒളിവിൽ പോകാനാകാകില്ല എന്ന് മനസ്സിലായതോടെ ഇരുവരും കണ്ണൂരിൽ പൊലീസിന് കീഴടങ്ങുകയായിരുന്നു.
കെവിന്റെ മരണം തന്റെ മാതാപിതാക്കളുടെ അറിവോടേയായിരുന്നുവെന്ന് നേരത്തെ നീനു വെളിപ്പെടുത്തിയിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോയത് സഹോദരനും സംഘവും ആണെന്ന് കാട്ടി പൊലീസിൽ പരാതിയും നൽകിയിരുന്നു. കേസിൽ പ്രതിചേർക്കുമെന്ന് സൂചന ലഭിച്ചതോടെയാണ് നീനുവിന്റെ പിതാവും മാതാവും സഹോദരനും ഒളിവിൽ പോയത്.
പൊലീസ് ഇവർക്കായി തമിഴ്‌നാട്ടിൽ ഉൾപ്പെടെ അന്വേഷണം വ്യാപിപ്പിച്ചിരുന്നു. കേസിൽ ഒന്നാം പ്രതിയാണ് ഷാനു ചാക്കോ. ചാക്കോ ജോൺ അഞ്ചാം പ്രതിയും. ഉടൻതന്നെ ഇരുവരെയും കോട്ടയത്തെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയിൽ ഇവർ അപേക്ഷ നൽകിയിരുന്നു.