എ കെ ജെ അയ്യര്‍|
Last Modified തിങ്കള്‍, 15 മാര്‍ച്ച് 2021 (18:11 IST)
കോട്ടയം: വളരും തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന കേരളാ കോണ്‍ഗ്രസ് എത്ര ഭാഗങ്ങളായാലും ഇത്തവണ പ്രധാന ഭാഗങ്ങളില്‍ രണ്ടെണ്ണമായ ജോസ് കെ.മാണി പക്ഷവും ജോസഫ് പക്ഷവും നേരിട്ട് എതിരിട്ടു മത്സരിക്കുന്നത് നാല് മണ്ഡലങ്ങളിലാണ്. ജോസ് പക്ഷം ഇടതു മുന്നണിക്കൊപ്പമാണ് എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ജോസഫ് പക്ഷം യു.ഡി.എഫിനൊപ്പം തന്നെ.
ഇടുക്കി, തൊടുപുഴ, ചങ്ങനാശേരി, കടുത്തുരുത്തി എന്നീ സീറ്റുകളിലാണ് ഇരുവരും തമ്മില്‍ അഭിമാന പോരാട്ടം എന്ന് വിശേഷിപ്പിച്ച് പോരടിക്കുന്നത്. ജോസ് പക്ഷത്തിന്റെ റോഷി അഗസ്റ്റിനും ജോസഫ് പക്ഷത്തിന്റെ ഫ്രാന്‍സിസ് ജോര്‍ജ്ജും തമ്മില്‍ മത്സരിക്കുന്ന ഇടുക്കിയിലാണ് ശരിക്കും പൊരിഞ്ഞ പോരാട്ടം നടക്കാനിരിക്കുന്നത്.
കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും സ്റ്റീഫന്‍ ജോര്‍ജ്ജും തമ്മിലാണ് പോരാട്ടമെങ്കില്‍ തൊടുപുഴയില്‍ ജോസഫ് ഗ്രൂപ്പിന്റെ തലവനായ ജോസഫ് തന്നെയാണ് പുതുമുഖമായ കെ.ഐ ആന്റണിയെ നേരിടുന്നത്. ഇതിനൊപ്പം ചങ്ങനാശേരിയില്‍ ജോസ് പക്ഷത്തിന്റെ ജോബ് മൈക്കിളിന്റെ എതിരാളി സ്വന്തം നാട്ടില്‍ ആദ്യ മത്സരത്തിന് തയ്യാറെടുക്കുന്നത് ജോസഫിന്റെ വി.ജെ.ലാലിയാണ്.