രേണുക വേണു|
Last Modified ഞായര്‍, 21 നവംബര്‍ 2021 (08:11 IST)
പ്രണയത്തില്‍ നിന്നു പിന്മാറിയതിനു യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചതിന് അറസ്റ്റിലായ ഷീബ സംഭവശേഷം നേരെ പോയത് ഭര്‍തൃവീട്ടിലേക്ക്. അപ്രതീക്ഷിത ആക്രമണത്തിനിടെ ഷീബയുടെ കാമുകന്‍ അരുണ്‍ ആസിഡ് തട്ടിത്തെറിപ്പിച്ചിരുന്നു. ഇതോടെ ആസിഡ് മുഖത്തുവീണ് ഷീബയ്ക്കും പൊള്ളലേറ്റു. വീട്ടിലെത്തിയ ഷീബയോട് ദേഹത്തെ പൊള്ളലിനെ കുറിച്ച് ചോദിച്ചപ്പോള്‍ തിളച്ച കഞ്ഞിവെള്ളം വീണ് ഉണ്ടായതാണെന്നാണ് മറുപടി പറഞ്ഞത്. ഷീബ പറഞ്ഞത് ഭര്‍തൃവീട്ടുകാര്‍ വിശ്വസിച്ചു. അഞ്ച് ദിവസത്തോളം ഷീബ ഭര്‍തൃവീട്ടില്‍ താമസിച്ചു. ശനിയാഴ്ച വൈകിട്ട് പൊലീസ് വീട്ടിലെത്തിയപ്പോള്‍ ആണ് ഷീബ ചെയ്ത കുറ്റത്തെ കുറിച്ച് ഭര്‍തൃവീട്ടുകാര്‍ അറിയുന്നത്.
ചൊവ്വാഴ്ച രാവിലെ പത്തിനായിരുന്നു ഷീബ കാമുകനെ ആസിഡ് ഒഴിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചത്. അടിമാലി ഇരുമ്പുപാലം കത്തോലിക്കാ പള്ളിയുടെ മുന്നില്‍നിന്നു സംസാരിക്കുന്നതിനിടെ ഷീബ കൈയില്‍ കരുതിയിരുന്ന ആസിഡ് തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുണ്‍ കുമാറിന്റെ മുഖത്തൊഴിക്കുകയായിരുന്നു.