വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്ത് കെ.കെ.ശൈലജ എത്തുമോ? കടമ്പകള്‍ ഏറെ

രേണുക വേണു| Last Modified ശനി, 26 ജൂണ്‍ 2021 (12:42 IST)

കെ.കെ.ശൈലജയെ സംസ്ഥാന വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തേയ്ക്ക് പരിഗണിക്കമെന്ന ആവശ്യം ശക്തമാകുകയാണ്. സോഷ്യല്‍ മീഡിയയില്‍ അടക്കം നിരവധി പേരാണ് ശൈലജയെ വനിത കമ്മിഷന്‍ അധ്യക്ഷയാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ശൈലജയ്ക്ക് മന്ത്രിസ്ഥാനം നല്‍കാത്തതിനെതിരെ നേരത്തെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതുകൊണ്ട് വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനം ശൈലജയ്ക്ക് നല്‍കിയാല്‍ പാര്‍ട്ടിക്കും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ നിലവില്‍ എംഎല്‍എ ആയിരിക്കുന്നതിനാല്‍ ശൈലജയെ കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചേക്കില്ല. ശൈലജയെ വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തേയ്ക്ക് കൊണ്ടുവരണമെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടിവരും. ഇല്ലെങ്കില്‍ ഇരട്ട പദവി ആരോപണം നേരിടേണ്ടിവരും.


അതേസമയം, പുതിയ വനിത കമ്മിഷന്‍ അധ്യക്ഷയെ തിരഞ്ഞെടുക്കാന്‍ സിപിഎമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. പി.കെ.ശ്രീമതി, പി.സതീദേവി, സി.എസ്.സുജാത, ടി.എന്‍.സീമ എന്നിവരുടെ പേരുകളാണ് സിപിഎം പ്രധാനമായും പരിഗണിക്കുന്നത്. ഇതില്‍ പി.കെ.ശ്രീമതിക്ക് തന്നെയാണ് കൂടുതല്‍ സാധ്യത. പാര്‍ട്ടിക്ക് പുറത്തുനിന്നുള്ള വനിതയെ തല്‍സ്ഥാനത്ത് നിയോഗിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, പാര്‍ട്ടി പ്രവര്‍ത്തപരിചയമുള്ളവരെ തന്നെ വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചാല്‍ മതിയെന്നാണ് സിപിഎം തീരുമാനം. വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് എം.സി.ജോസഫൈന്‍ ഇന്നലെയാണ് വനിത കമ്മിഷന്‍ അധ്യക്ഷസ്ഥാനം രാജിവച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :