അനുബന്ധ വാര്‍ത്തകള്‍
- ജോസഫൈന്റെ പരാമര്‍ശം സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് ചര്‍ച്ച ചെയ്യും; നടപടിക്ക് സാധ്യത
- ജോസഫൈന്‍ സിപിഎമ്മിന്റെ ശാസന; ഉടന്‍ ഖേദപ്രകടനം
- 'ശാസിക്കുന്നതിനു പകരം അല്പമെങ്കിലും സ്നേഹത്തോടെ സമീപിക്കൂ',എം.സി ജോസഫൈനെതിരെ നടി നിരഞ്ജന അനൂപ്
- പി.കെ.ശ്രീമതിയെ വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തേയ്ക്ക് പരിഗണിച്ചേക്കും
- വനിതാ കമ്മിഷന്‍ അധ്യക്ഷ ക്രൂരയായ ജയില്‍ വാര്‍ഡനെ ഓര്‍മിപ്പിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി ആഷിഖ് അബു
'പുരാണം കേള്‍ക്കാന്‍ സമയമില്ല, നിങ്ങളെയാണ് ആദ്യം അടിക്കേണ്ടത്'; വീണ്ടും പരാതിക്കാരിയോട് കയര്‍ത്ത് ജോസഫൈന്‍
പരാതിക്കാരിയോട് വീണ്ടും കയര്‍ത്ത് സംസ്ഥാന വനിത കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍. വിവാഹ തട്ടിപ്പുകാരനായ ഭര്‍ത്താവില്‍നിന്ന് നീതി വേണമെന്നാവശ്യപ്പെട്ട് വനിത കമ്മിഷന്‍ അധ്യക്ഷയെ വിളിച്ച കൊല്ലം സ്വദേശിനിയാണ് ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഭര്‍ത്താവ് മറ്റൊരു യുവതിയെ വിവാഹം കഴിച്ചെന്നും തന്നെയും മക്കളെയും നോക്കുന്നില്ല എന്നുമാണ് യുവതി പരാതി പറഞ്ഞത്. പരാതിക്കാരി സംസാരിക്കുന്നതിനിടെ നിങ്ങളുടെ പുരാണം കേള്‍ക്കാന്‍ സമയമില്ലെന്നും നിങ്ങളെയാണ് അടിക്കേണ്ടത് എന്നും ജോസഫൈന്‍ പറഞ്ഞു. ഇതിന്റെ ഓഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
രണ്ടാമത് വിവാഹം കഴിച്ച സ്ത്രീയേയും ഉപേക്ഷിച്ച് ഇയാള്‍ മുറപ്പെണ്ണിനെ വിവാഹം കഴിച്ചെന്നും വീണ്ടും തന്റെയടുത്ത് വന്നെന്നും പരാതിക്കാരി പറഞ്ഞു. തുടര്‍ന്നാണ് നിങ്ങളെയാണ് അടിക്കേണ്ടതെന്നും പുരാണം കേള്‍ക്കാന്‍ സമയമില്ലെന്നും വിളിക്കുന്ന സ്ത്രീകളൊക്കെ ഇങ്ങനെ കഥ പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കുമെന്നും ജോസഫൈന്‍ ചോദിച്ചത്.
അതേസമയം, വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തുനിന്ന് എം.സി.ജോസഫൈനെ നീക്കും. ഭര്‍തൃപീഡനം പരാതിപ്പെട്ട യുവതിയോട് മോശമായി സംസാരിച്ച വിഷയത്തില്‍ ജോസഫൈനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ക്ക് ജോസഫൈന്‍ തല്‍സ്ഥാനത്ത് തുടരുന്നതില്‍ അതൃപ്തിയുണ്ട്. സോഷ്യല്‍ മീഡിയയിലും ജോസഫൈനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
'സ്ത്രീധനപീഡനം: വനിത കമ്മിഷനോട് സഹായം തേടാം' എന്ന പരിപാടിയിലേക്ക് വിളിച്ച യുവതിയോടാണ് ജോസഫൈന്‍ പുച്ഛഭാവത്തോടെ സംസാരിച്ചത്. ഭര്‍ത്താവും ഭര്‍ത്താവിന്റെ വീട്ടുകാരം സ്ത്രീധനവുമായി ബന്ധപ്പെട്ട് തന്നെ പീഡിപ്പിക്കുന്ന വിവരം പങ്കുവച്ച യുവതിയോട് എന്തുകൊണ്ട് ഇതുവരെ പൊലീസില്‍ ഇക്കാര്യം അറിയിച്ചില്ലെന്ന് ജോസഫൈന്‍ ചോദിക്കുന്നുണ്ട്.
2014ലാണ് വിവാഹം കഴിഞ്ഞതെന്നും ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കുന്നതായും കൊച്ചിയില്‍ നിന്ന് ചാനലിലേക്ക് ഫോണ്‍ ചെയ്ത യുവതി പരാതി പറയുന്നു. കുട്ടികളില്ലെന്നും ഭര്‍ത്താവും അമ്മായിയമ്മയും ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ എന്ത് കൊണ്ട് പൊലീസില്‍ പരാതിപ്പെട്ടില്ലെന്ന് എം.സി.ജോസഫൈന്‍ ചോദിക്കുകയായിരുന്നു. ആരെയും അറിയിച്ചില്ലെന്ന് പരാതിക്കാരി പറഞ്ഞപ്പോള്‍ 'എന്നാല്‍..പിന്നെ അനുഭവിച്ചോ' എന്നാണ് ജോസഫൈന്‍ മറുപടി നല്‍കിയത്. പരാതി പറയാന്‍ വിളിക്കുന്നവരോട് അല്‍പ്പം കൂടി മര്യാദയിലും സമാധാനത്തോടെയും സംസാരിച്ചുകൂടെ എന്നാണ് വിമര്‍ശനം. അതിനുശേഷം നല്ല അഭിഭാഷകന്‍ മുഖേനയും കുടുംബ കോടതി വഴിയും നിയമപരമായി നേരിടാന്‍ ഈ യുവതിക്ക് ജോസഫൈന്‍ നിര്‍ദേശം നല്‍കുന്നുണ്ട്.
എണ്‍പത്തൊമ്പത് വയസ്സുള്ള കിടപ്പ് രോഗിയുടെ പരാതി കേള്‍ക്കണമെങ്കില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട ജോസഫൈനെതിരെ മുന്‍പ് രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.