രേണുക വേണു|
Last Modified വെള്ളി, 25 ജൂണ്‍ 2021 (14:07 IST)
എം.സി.ജോസഫൈന്‍ രാജിവച്ച സാഹചര്യത്തില്‍ സംസ്ഥാന വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തേയ്ക്ക് പി.കെ.ശ്രീമതിയുടെ പേരിനൊപ്പം ടി.എന്‍.സീമയും പരിഗണനയില്‍. രാഷ്ട്രീയ രംഗത്ത് പാരമ്പര്യമുള്ള വനിത നേതാവിനെ തന്നെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തേയ്ക്ക് കൊണ്ടുവരാനാണ് പാര്‍ട്ടി തീരുമാനം. മന്ത്രിയായും എംപിയായും ശ്രീമതിക്കുള്ള പരിചയം വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്ത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ടി.എന്‍.സീമയ്ക്കും രാഷ്ട്രീയരംഗത്ത് വലിയ അനുഭവ സമ്പത്തുണ്ട്. നിലവിലെ വനിത കമ്മിഷന്‍ അംഗമായ ഷാഹിദ കമാലിനെ അധ്യക്ഷയാക്കണമെന്ന് ഒരു വിഭാഗം നേതാക്കള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ അഭിപ്രായപ്പെട്ടു.
എം.സി.ജോസഫൈന്‍ രാജിവച്ചു
സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തുനിന്ന് എം.സി.ജോസഫൈന്‍ രാജിവച്ചു. കാലാവധി പൂര്‍ത്തിയാകാന്‍ 11 മാസം ശേഷിക്കെയാണ് ജോസഫൈന്റെ രാജി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ജോസഫൈന്റെ രാജി ആവശ്യപ്പെടുകയായിരുന്നു. വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്ത് ഇരുന്നുകൊണ്ട് ജോസഫൈന്റെ ഭാഗത്തുനിന്ന് അനുചിതമായ പരാമര്‍ശങ്ങള്‍ ഉണ്ടായതില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് വിശദീകരണം ചോദിച്ചിരുന്നു. അതിനു പിന്നാലെയാണ് രാജി. സംസ്ഥാന സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ ജോസഫൈന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്തെത്തി. സ്ഥാനത്തിനു അവമതിപ്പ് ഉണ്ടാക്കുന്ന തരത്തിലാണ് ജോസഫൈന്‍ വിഷയങ്ങളില്‍ ഇടപെട്ടതെന്ന് സെക്രട്ടറിയേറ്റ് വിമര്‍ശിച്ചു.