കുടുംബത്തിന്റെ നിലയും വിലയും കാണിക്കാനുള്ള ഒന്നല്ല വിവാഹം, സ്വന്തം മക്കളെ വില്‍പ്പനച്ചരക്കാക്കരുത്: മുഖ്യമന്ത്രി

ശ്രീനു എസ്| Last Modified ബുധന്‍, 23 ജൂണ്‍ 2021 (10:56 IST)
രാജ്യത്ത് സ്ത്രീധനം നിരോധിച്ചിട്ട് ആറു പതിറ്റാണ്ടായെങ്കിലും പല രൂപത്തിലും അളവിലും സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുടുംബത്തിന്റെ നിലയും വിലയും കാണിക്കാനുള്ള ഒന്നല്ല വിവാഹം. സ്വന്തം മക്കളെ വില്‍പ്പനച്ചരക്കാക്കരുത്. വിവാഹത്തെയും കുടുംബജീവിതത്തെയും വ്യാപാരക്കരാറായി തരംതാഴ്ത്തരുത്. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് പാരിതോഷികം ലഭിക്കേണ്ടത് അവകാശമാണെന്ന ചിന്ത ആണ്‍കുട്ടികളിലുണ്ടാക്കരുത്. ഭര്‍ത്താവിന്റെ പീഡനം സഹിച്ച് കഴിയേണ്ടവളാണെന്ന ചിന്ത പെണ്‍കുട്ടികളിലും സൃഷ്ടിക്കരുത്. സ്ത്രീ പുരുഷ സമത്വത്തിന്റെ പുതിയ ചിന്തകള്‍ സമൂഹത്തിന് ആവശ്യമായ സമയമാണിത്. ഈ വിഷയം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വനിതകള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ തടയുന്നതിന് ഡൊമസ്റ്റിക് കോണ്‍ഫ്ളിക്റ്റ് റെസല്യൂഷന്‍ സെന്റര്‍ എന്ന സംവിധാനം എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. അതിക്രമത്തിന് ഇരയാകുന്ന വനിതകളുടെ പരാതി ജില്ലാ പോലീസ് മേധാവിമാര്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നേരിട്ട് കേട്ട് പരിഹാരം നിര്‍ദ്ദേശിക്കുന്ന പരിപാടിയാണിത്. ഈ സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കാനും പരാതികളില്‍ അടിയന്തര നടപടി സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വനിതകള്‍ നേരിടുന്ന സൈബര്‍ അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും അപരാജിത ഓണ്‍ലൈന്‍ എന്ന സംവിധാനം നിലവിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :