aparna shaji|
Last Updated:
ശനി, 24 ഡിസംബര്‍ 2016 (15:01 IST)
അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹര്‍ജി കോടതി തള്ളിയതില്‍ നയം വ്യക്തമാക്കി മന്ത്രി എം എം മണി രംഗത്തെത്തിയിരുന്നു. പിണറായി വിജയനെ സമ്മർദത്തിൽ ആക്കിയാണ് കോടതി വിധി വന്നത്. സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രനനേയും സിഐടിയു നേതാവ് എകെ ദാമോദരനേയും പ്രതിപട്ടികയിൽ ഉൾപ്പെടുത്താൻ കോടതി ആവശ്യപ്പെട്ടതോടെ പ്രതിപക്ഷം തങ്ങളുടെ നിലപാടുമായി രംഗത്തെത്തി. രാജിക്കായി മുറവിളി കൂട്ടി.
എന്നാൽ, ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പേ എന്നൊരു ചൊല്ലുണ്ടല്ലോ?. അത് മാണിയങ്ങ് പ്രയോഗിച്ചു. പ്രതിപക്ഷം ആവശ്യപ്പെട്ടാലൊന്നും താൻ രാജിവെക്കില്ല, എൽ ഡി എഫ് ആണ് തന്നെ മന്ത്രിയാക്കിയത്, പാർട്ടി പറയുന്നത് പോലെയേ താൻ ചെയ്യുകയുള്ളുവെന്ന് മാണി വ്യക്തമാക്കി. അതോടെ രാജിയെന്ന് പറഞ്ഞ് മാണിയുടെ അടുത്ത് ചെന്നിട്ട് കാര്യമില്ലാതായിരിക്കണം. അതിനു വെച്ച വെള്ളം അങ്ങ് വാങ്ങിവെച്ചേക്ക് എന്നാണ് മണി പറഞ്ഞിരിക്കുന്നത്.
ഇവിടെ ഹൈക്കോടതിയും സുപ്രീംകോടതിയുമുണ്ടല്ലോ. കേസിനെ ഒറ്റയ്ക്ക് തന്നെ നേരിടും. നിയമപരമായി ഉള്ളതിനെ നിയമപരമായിട്ടും രാഷ്‌ട്രീയപരമായിട്ടുള്ളതിനെ രാഷ്‌ട്രീയപരമായും നേരിടും. കേസുമായി ഒറ്റയ്ക്ക് തന്നെ മുന്നോട്ടു പോകും. കോടതി എന്തു പറഞ്ഞാലും അടുത്ത കോടതിയെ സമീപിക്കും. ഹർജി തള്ളിയതുകൊണ്ട് തന്‍റെ രോമത്തിൽ പോലും തൊടാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ അടക്കം പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ മണിയെ പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. ധാര്‍മ്മികത ഉണ്ടെങ്കില്‍ രാജിവെച്ച് പുറത്തു പോവണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചിയൂര്‍ രാധാകൃഷ്ണനും പിടി തോമസും രംഗത്തുവന്നു.
കൊലപാതക കേസില്‍ പ്രതിയായ വ്യക്തി മന്ത്രിസഭയില്‍ തുടരുന്നത് ന്യായികരിക്കാനാവില്ലെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. ഏതായാലും അങ്കം മുറുകിയിരിക്കുകയാണ്. ഇനി പിണറായി വിജയന്റെ തീരുമാനം എന്താണെന്ന് മാത്രം അറിഞ്ഞാൽ മതി.