രേണുക വേണു|
Last Modified ബുധന്‍, 8 ഫെബ്രുവരി 2023 (09:06 IST)
ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസ് സംസ്ഥാനം കുറയ്ക്കില്ല. ബജറ്റിന്മേലുള്ള പൊതു ചര്‍ച്ചയുടെ മറുപടിയില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ഇന്ന് നിയമസഭയില്‍ വിശദമായി പ്രസംഗിക്കും. കേന്ദ്രം സംസ്ഥാനങ്ങളെ ഞെരുക്കുകയാണെന്നും ഇതേ തുടര്‍ന്നാണ് ഇന്ധന സെസ് വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതരായതെന്നും ധനമന്ത്രി വിശദമാക്കും. സെസ് കുറക്കുന്നതിനെ ധനവകുപ്പ് ശക്തമായി എതിര്‍ക്കുന്നുണ്ട്.
പ്രതിഷേധ സ്വരങ്ങളെ കാര്യമായി എടുക്കേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. കേന്ദ്ര നിലപാടാണ് ഇങ്ങനെയൊരു സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്ന് താഴെത്തട്ട് മുതല്‍ പ്രചരണം നടത്തുകയാണ് ആവശ്യമെന്ന് സിപിഎമ്മിനുള്ളില്‍ അഭിപ്രായമുണ്ട്. മന്ത്രിമാരും എംഎല്‍എമാരും ഇതിനായി നേരിട്ട് രംഗത്തിറങ്ങിയേക്കും. കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയാണെന്ന് പൊതുജനങ്ങള്‍ക്കിടയില്‍ തന്നെ അഭിപ്രായമുണ്ട്. അതുകൊണ്ട് കാര്യങ്ങള്‍ എളുപ്പമാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.