കേരളത്തില്‍ വീണ്ടുമൊരു ലോക്ക്ഡൗണ്‍ ! ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ ആശങ്ക

രേണുക വേണു| Last Modified വെള്ളി, 2 ജൂലൈ 2021 (12:56 IST)

രാജ്യത്ത് കോവിഡ് വ്യാപനം ക്രമാതീതമായി കുറയുമ്പോഴും കേരളത്തില്‍ ആശങ്കയുടെ കണക്കുകളാണ് ദിനംപ്രതി പുറത്തുവരുന്നത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,617 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ കേരളത്തില്‍ നിന്ന് മാത്രം 12,868 പേര്‍ക്ക് കോവിഡ് പോസിറ്റീവാണ്. ഈ കണക്കുകളാണ് ഇപ്പോള്‍ ആശങ്കയാകുന്നത്.

ജൂലൈ ഒന്ന് (ഇന്നലെ) കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.3 ശതമാനമാണ്. ജൂണ്‍ 30 ന് 13,658 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ടി.പി.ആര്‍. 9.71 രേഖപ്പെടുത്തുകയും ചെയ്തു. ജൂണ്‍ 29 ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ശതമാനമായിരുന്നു, 13,550 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ജൂണ്‍ 28 ന് 8,063 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44 ശതമാനമായിരുന്നു. ജൂണ്‍ 27 ന് 10,905 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.49 ശതമാനവും ആയിരുന്നു. അതായത് കഴിഞ്ഞ അഞ്ച് ദിവസമായി കേരളത്തിലെ രോഗസ്ഥിരീകരണ നിരക്ക് ഒന്‍പത് ശതമാനത്തിനും 12 ശതമാനത്തിനും ഇടയില്‍ തന്നെയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ട് ശതമാനത്തില്‍ കുറയാത്തത് വലിയ പ്രതിസന്ധിയായിരിക്കുകയാണ്.

കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കിയിട്ടുണ്ടെങ്കിലും പ്രാദേശിക നിയന്ത്രണങ്ങള്‍ തുടരുകയാണ്. ഇനിയൊരു സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉടന്‍ ഏര്‍പ്പെടുത്തില്ലെങ്കിലും പ്രാദേശിക നിയന്ത്രണങ്ങള്‍ തുടരാന്‍ തന്നെയാണ് തീരുമാനം. നിലവില്‍ 18 ശതമാനത്തില്‍ കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ നിയന്ത്രണങ്ങള്‍ ഇനിയും തുടരും. രോഗവ്യാപനം കൂടിയാല്‍ 18 ശതമാനത്തില്‍ നിന്ന് 15 ശതമാനം ടി.പി.ആര്‍. ഉള്ള പ്രദേശങ്ങളെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പരിധിയില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചേക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :