മരംമുറി വിവാദത്തിൽ പഴുതടച്ച അന്വേഷണമെന്ന് വനംമന്ത്രി, വേദിയിൽ കുറ്റാരോപിതനും, വിവാദം

അഭിറാം മനോഹർ| Last Modified വെള്ളി, 2 ജൂലൈ 2021 (12:50 IST)
മരം മുറി വിവാദത്തിൽ പഴുതടച്ച അന്വേഷണമാണ് നടക്കുന്നതെന്ന് വനം മന്ത്രിയും എൻസിപി നേതാവുമായ എകെ ശശീന്ദ്രൻ. കേസിൽ സർക്കാർ നിലപാട് ശക്തമായതിനാലാണ് പ്രതികൾക്ക് ജാമ്യം ലഭിക്കാതിരുന്നതെന്നും മറ്റ് വകുപ്പുകളുടെ കൂറ്റി റിപ്പോർട്ട് വരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

വനമഹോത്സവം പരിപാടിയിൽ സംസാരിക്കുകയായിരുന്നു എ കെ ശശീന്ദ്രൻ. ചടങ്ങിൽ മുട്ടിൽ മരംമുറി കേസിലെ കുറ്റാരോപിതനായ എൻടി സാജനും ഉണ്ടായിരുന്നു. വനം മന്ത്രിയും കേസിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥനും ഒരുമിച്ചെത്തിയത് വിവാദമായിരിക്കുകയാണ് ഇപ്പോൾ.

മരംകൊള്ള അട്ടിമറിക്കാൻ ഇടപെട്ടുവെന്ന് വനം വകുപ്പ് തന്നെ കണ്ടെത്തിയ ഉദ്യോഗസ്ഥനൊപ്പമാണ് മന്ത്രി വേദി പങ്കിട്ടത്. യോഗത്തിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയും പങ്കെടുത്തിരുന്നു. എന്നാൽ കുറ്റാരോപിതനൊപ്പം വേദി പങ്കിട്ടെന്ന് കരുതി, ആർക്കും യാതൊരു ആനുകൂല്യവും കേസിൽ ലഭിക്കില്ലെന്ന് മന്ത്രി പറഞ്ഞു. ആരോപണവിധേയനായ വ്യക്തി ഇപ്പോളും വനം വകുപ്പ് ഉദ്യോഗസ്ഥനാണെന്നും അതിനാലാണ് വേദി പങ്കിട്ടതെന്നും മന്ത്രി പറയുന്നു.


മന്ത്രി പങ്കെടുത്ത പരിപാടിയിൽ ആരോപണ വിധേയൻ പങ്കെടുത്തെന്ന് കരുതി രക്ഷപ്പെടാൻ സാധിക്കില്ലെന്നും കുറ്റം
ചെയ്തവർക്കെതിരെ വകുപ്പ് തല നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :