തിരുവനന്തപുരം|
VISHNU N L|
Last Modified ശനി, 26 സെപ്‌റ്റംബര്‍ 2015 (09:21 IST)
മൂന്നാർ സമരം മുൻനിർത്തി കലക്കവെള്ളത്തിൽ മീൻപിടിക്കാനാണ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സംസ്ഥാനത്തെ തോട്ടം മേഖലയില്‍ വ്യവസായത്തിന് താങ്ങാന്‍ പറ്റാവുന്ന പരമാവധി വേതനം തൊഴിലാളികള്‍ക്ക് ലഭ്യമാക്കണമെന്നതാണ് തന്റെ സമീപനമെന്നും
ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. ഇന്ന് തൊഴില്‍മന്ത്രിയുടെ നേതൃത്വത്തില്‍ യൂണിയനുകളും തോട്ടമുടമകളും തമ്മില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചക്ക് മുന്നോടിയായി ദിനപത്രങ്ങളിലെഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
തോട്ടമുടമകള്‍ക്ക് താങ്ങുന്നതിനും അപ്പുറത്തേക്ക് പോയാൽ സ്ഥാപനം അടച്ചുപൂട്ടേണ്ടി വരും. സർക്കാരും തൊഴിലാളികളും മാനേജ്മെന്റും തമ്മിലുള്ള കൂട്ടായ്മയിലൂടെ പ്രശ്നപരിഹാരം കാണണം. ഇടതു സർക്കാരിനെ അപേക്ഷിച്ച് തൊഴിലാളികളുടെ അടിസ്ഥാന വേതനം പലയിരട്ടി വർധിപ്പിക്കാൻ യുഡിഎഫ് സർക്കാരിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറയുന്നു. തൊഴിലാളി സംഘടനകൾ ആത്മപരിശോധന നടത്തണം.
മൂന്നാറിലെ തൊഴിലാളി സമരത്തിനു പിന്നില്‍ തീവ്രവാദമോ വിഘനവാദമോ ഒന്നുമില്ല, പക്ഷേ തോട്ടം മേഖല വലിയൊരു പ്രതിസന്ധിയിലേക്കാണ് പോകുന്നത്. ആഗോള കമ്പോളത്തില്‍ കരുത്തര്‍ക്ക് മാത്രമേ പിടിച്ചു നില്‍ക്കാനാകൂ. തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട സേവനവും വേതനവും ലഭിക്കണമെങ്കില്‍ മുദ്രാവാക്യങ്ങളോ പ്രഖ്യാപനങ്ങളോ അല്ല, മാനേജ്‌മെന്റും തൊഴിലാളികളും സര്‍ക്കാരും ചേര്‍ന്ന കൂട്ടായ്മയാണ് വേണ്ടതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിക്കുന്നു.
ഒരു പ്രതിസന്ധിയുണ്ടായാല്‍ കലക്കവെള്ളത്തില്‍നിന്നു മീന്‍പിടിക്കാനാണ് പ്രതിപക്ഷനേതാവ് ശ്രമിക്കുന്നത്. കഴിഞ്ഞ ഇടതുസര്‍ക്കാറിന്റെ കാലത്ത് തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളുടെ അടിസ്ഥാനവേതനത്തില്‍
കൂട്ടിക്കൊടുത്തത് 8.74 രൂപ മാത്രമാണ്. യു.ഡി.എഫ്. സര്‍ക്കാര്‍ കൂട്ടിയത് 33.61 രൂപ. പ്രതിപക്ഷനേതാവ് ഇന്നുന്നയിക്കുന്ന ആവശ്യങ്ങളുടെ ഉദ്ദേശ്യശുദ്ധിയാണ് ഇവിടെ ചോദ്യംചെയ്യപ്പെടുന്നത്. റബ്ബര്‍, ഏലം, കാപ്പി തോട്ടങ്ങളില്‍ ഇടതുസര്‍ക്കാര്‍ യഥാക്രമം 35.93 രൂപ, 26.8 രൂപ, 14.6 രൂപ എന്നിങ്ങനെ അടിസ്ഥാനവേതനം കൂട്ടിയപ്പോള്‍ യു.ഡി.എഫ്. സര്‍ക്കാര്‍ യഥാക്രമം 80.62 രൂപ, 56.65 രൂപ, 33.61 രൂപ എന്നിങ്ങനെയാണു കൂട്ടിയത്- മുഖ്യമന്ത്രി പറയുന്നു.
നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ മാനേജ്‌മെന്റിനും അതിന് മേല്‍നോട്ടം വഹിക്കുന്നതില്‍ സര്‍ക്കാരിനും വീഴ്ചപറ്റി.
ഇന്നു നടക്കുന്ന ചർച്ച എല്ലാവരും പ്രതീക്ഷയോടെയാണ് നോക്കുന്നത്. തെറ്റുകളും പരാജയങ്ങളും തിരിച്ചറിഞ്ഞുകൊണ്ട് പ്രശ്നത്തെ സമീപിക്കണമെന്നും പറഞ്ഞു കൊണ്ടാണ് ലേഖനം അവസാനിക്കുന്നത്. അതേസമയം മൂന്നാറില്‍ വനിതാ തോട്ടം തൊഴിലാളികള്‍ നടത്തിയ സമരത്തേത്തുടര്‍ന്നാണ് ഇന്ന് ചര്‍ച്ച നടത്താമെന്ന വാഗ്ദാനം ചെയ്തത്. എന്നാല്‍ അനുരഞ്ജന ശ്രമത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ശമ്പള വര്‍ദ്ധന നടപ്പിലാക്കാന്‍ കഴിയില്ലെന്നാണ് തോട്ടമുടമകള്‍ ഇന്നലെ പ്രഖ്യാപിച്ചിരിക്കുന്നത്.