സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 24 മാര്‍ച്ച് 2022 (08:33 IST)
തിരുവനന്തപുരം; സ്വകാര്യ ബസുടമകളുടെ സംഘടനകള്‍ 24 തീയതി മുതല്‍ അനിശ്ചിത കാല സമരം ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസ് നടത്തും. നിലവില്‍ യൂണിറ്റുകളില്‍ ലഭ്യമാക്കിയിട്ടുള്ള മുഴുവന്‍ ബസുകളും സര്‍വീസ് നടത്തുവാന്‍ സിഎംഡി നിര്‍ദേശം നല്‍കി. ആശുപത്രികള്‍, എയര്‍പോര്‍ട്ടുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍ എന്നിവടങ്ങളിലേക്ക് ആവശ്യാനുസരണം സര്‍വീസ് നടത്തും.
യാത്രക്കാരുടെ തിരക്ക് അനുസരിച്ച് അഡീഷണല്‍ ട്രിപ്പുകള്‍ നടത്തേണ്ടി വരുന്നതിനാല്‍ ഈ ദിവസങ്ങളില്‍ ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാരുടെ അവധികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. എല്ലാ ജനറല്‍ വിഭാഗം ഇന്‍സ്‌പെടര്‍മാരും സര്‍പ്രൈസ് സ്‌ക്വോഡ് യൂണിറ്റ് ഇന്‍സ്‌പെക്ടര്‍മാരും കാര്യക്ഷമമായി ബസ് പരിശോധന നടത്താനും, യാത്രക്കാര്‍ക്ക് സൗകര്യപ്രദമായി യൂണിറ്റ് അധികാരികള്‍ ഷെഡ്യൂളുകള്‍ ക്രമീകരിക്കാനും നിര്‍ദേശം നല്‍കി. യൂണിറ്റ് അധികാരികള്‍ യൂണിറ്റ് കേന്ദ്രീകരിച്ച് സര്‍വീസ് ഓപ്പറേഷന്‍ മേല്‍നോട്ടം വഹിക്കുന്നതിനും,
ദീര്‍ഘദൂര സര്‍വീസുകള്‍ പരിശോധിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നതിന് മേഖല എക്‌സിക്യൂട്ടിവ് ഡയറക്ടര്‍മാരെയും ചുമതലപ്പെടുത്തി.
എന്തെങ്കിലും ക്രമസമാധാന പ്രശ്‌നങ്ങള്‍
ഉണ്ടാകുന്ന പക്ഷം പോലീസ് സഹായം തേടണമെന്നും സിഎംഡി അറിയിച്ചു.