സുമീഷ് ടി ഉണ്ണീൻ|
Last Modified ശനി, 29 ഡിസംബര്‍ 2018 (16:54 IST)
കേരളാ പൊലീസിന്റെ സാമൂഹ്യമാധ്യമങ്ങളിലെ ജനപ്രിയത ലോകത്ത് തന്നെ വലിയ വാർത്തയായതിന് പിന്നാലെ കേരളാ പൊലീസിന്റെ ട്രോളുകളെ പഠനത്തിന് വിധേയമാക്കുകയാണ് മൈക്രോസോഫ്റ്റ്. പൊതു ജനങ്ങളുമായി നിയമപരമായ കാര്യങ്ങൾ ട്രോളുകളിലൂടെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കുന്നു എന്നതാണ് മൈക്രോസോഫ്റ്റ് പഠന വിധേയമാക്കുന്നത്.
ഇന്ത്യയിൽനിന്നും ഇതിനായി കേരളാ പൊലീസിന്റെ സാമൂഹ്യ മാധ്യമ ഇടപെടലുകളെയാണ് മൈക്രോസോഫ്റ്റ് തിരഞ്ഞെടുത്തിരിക്കുന്നത്. കേരള പൊലീസിന്റെ നിയമപരമായ ട്രോളുകൾ പൊതു ജനങ്ങളെ എങ്ങനെ സ്വാധീനികുന്നു എന്നതും പഠന വിഷയമാണ്. മൈക്രോ സോഫ്റ്റിന്റെ ബംഗളുരുവിലെ ടീമാണ് കേരളാ പൊലീസിന്റെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകൾ പഠനവിധേയമാക്കുന്നത്.
പഠനം നടത്തുന്നതിന്റെ ഭാഗമായി ഗവേഷക ദ്രുപ ഡിനി ചാള്‍സ് പോലീസ് ആസ്ഥാനത്തെത്തി സോഷ്യല്‍ മീഡിയ സെല്‍ നോഡല്‍ ഓഫിസര്‍ ഐജി മനോജ് എബ്രഹാം, മീഡിയസെല്ലിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ആശയവിനിമയം നടത്തി. അടുത്ത കാലത്തായി കേരളാ പൊലീസിന്റെ ഫെയിസ്ബുക്ക് പേജിലൂടെയുള്ള ട്രോളുകൾ വലിയ ജന സ്വീകാര്യത നേടിയ പശ്ചത്തലത്തിലാണ് പഠനം.
ട്രോൾ വിഡിയോകളിലൂടെയും പോസ്റ്ററുകളിലൂടെയും കേരളാ പൊലീസ് നൽകുന്ന മുന്നറിയിപ്പുകൾക്കും നിർദേശങ്ങൾക്കും വലിയ സ്വീകാര്യതയാണ് പൊതു ജനങ്ങളിൽനിന്നും ലഭിച്ചുവരുന്നത്. കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജ് ന്യൂയോര്‍ക് പോലീസ്, ക്വീന്‍സ് ലാന്‍ഡ് പോലീസ് എന്നിവരെ പോലും ബഹുദൂരം പിന്നിലാക്കി നേരത്തെ തന്നെ ലോകശ്രദ്ധ നേടിയിരുന്നു.