ബംഗളൂരു/തിരുവനന്തപുരം|
jibin|
Last Updated:
വെള്ളി, 23 നവംബര്‍ 2018 (15:55 IST)
അഭ്യൂഹങ്ങൾക്ക് വിരാമമിട്ടു കൊണ്ട് ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി തോമസ് മന്ത്രിസ്ഥാനത്തു നിന്നും പുറത്ത്. ചിറ്റൂർ എംഎൽഎയും ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ കെ കൃഷ്‌ണൻ കുട്ടി മന്ത്രിയാകും. ദേശീയ നേതൃത്വത്തിന്റെ തീരുമാന പ്രകാരമാണ് നടപടി.
ജെഡിഎസ് ദേശീയ ജനറൽ സെക്രട്ടറി ഡാനിഷ് അലി ബംഗളൂരുവിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. മാത്യു ടി തോമസ് നേരത്തേയും പാർട്ടി പറയുന്നത് കേട്ടിട്ടുണ്ടെന്നും തീരുമാനം അദ്ദേഹം അംഗീകരിച്ചതായും ഡാനിഷ് അലി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ജനതാദൾ അധ്യക്ഷൻ ദേവഗൗഡയുമായി സംസ്ഥാന നേതൃത്വം നടത്തിയ ചർച്ചക്കൊടുവിലാണ്മാത്യു ടി തോമസിനെ നീക്കി കൃഷ്‌ണൻ കുട്ടിക്ക് മന്ത്രി സ്ഥാനം നല്‍കാന്‍ തീരുമാനമായത്.
മാത്യു ടി തോമസിന്റെ അസാന്നിധ്യത്തില്‍ കെ കൃഷ്ണന്‍കുട്ടി, സികെ നാണു എന്നിവരാണു ദേവെഗൗഡയുമായി ബംഗളൂരുവിൽ ചർച്ച നടത്തി. ഡാനിഷ് അലിയും പങ്കെടുത്തു.
യോഗത്തില്‍ പങ്കെടുക്കണമെന്ന് അറിയിച്ചിരുന്നുവെങ്കിലും മാത്യു ടി തോമസ് എത്തിയില്ല. രണ്ടര വർഷത്തിന് ശേഷം മന്ത്രിസ്ഥാനം വച്ചുമാറാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് സ്ഥാനമാറ്റം.
മന്ത്രിയോട് സ്ഥാനമൊഴിയാൻ ദേവഗൗഡ തന്നെ നേരിട്ട് നിർദേശിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മാത്യു ടി തോമസിനെ മന്ത്രിസഭയിൽനിന്നു മാറ്റണമെന്നാവശ്യപ്പെട്ടു ജെഡിഎസ് ഇടതുമുന്നണിക്കു കത്ത് നല്‍കും.