വെല്ലുവിളിച്ച് തൃപ്‌തി ദേശായി, പിന്നാലെ 800 സ്ത്രീകളും; അയ്യനെ കാണാനോ അതോ ശക്തി തെളിയിക്കാനോ?- വെട്ടിലാകുന്നത് സർക്കാർ

പത്തനംതിട്ട| റിജിഷ മീനോത്ത്| Last Updated: വ്യാഴം, 15 നവം‌ബര്‍ 2018 (16:42 IST)
സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഭൂമാതാ ബ്രിഗേ‍ഡ് നേതാവും ആക്ടിവിസ്റ്റുമായ തൃപ്‌തി ദേശായി മലചവിട്ടാൻ എത്തുന്ന ദിവസം പ്രഖ്യാപിച്ചതോടെ പലർക്കും സംശയങ്ങൾ ഏറെയാണ്. വിശ്വാസികളായ സ്‌ത്രീകളെ മാത്രം പിന്തുണച്ചുകൊണ്ട് സർക്കാർ ഉറച്ച തീരുമാനം എടുത്തിരിക്കുമ്പോൾ തൃപ്‌തി ദേശായിയുടെ ഈ വരവ് എന്തിന് വേണ്ടിയുള്ളതാണ്?

എന്തുതന്നെയായാലും ഇത്തവണ മണ്ഡല പൂജയ്‌ക്കായി നവംബർ 16 മുതൽ ഡിസംബർ 27 വരെയും മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 മുതൽ ജനുവരി 20 വരെയും ശബരിമല നട തുറക്കുമ്പോൾ ഏറ്റവും കൂടുതൽ വെല്ലുവിളിയാകുന്നത് സർക്കാരിനും പൊലീസുകാർക്കും തന്നെയാണ്.

അതേസമയം, തൃപ്‌തി ദേശായിക്ക് പുറമേ 800ൽ പരം സ്‌ത്രീകൾ എത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സ്‌ത്രീകൾക്കായി പ്രത്യേക ഓൺലൈൻ സജ്ജീകരണം ഏർപ്പെടുത്തിയതിൽ ഇതുവരെയായി രജിസ്‌റ്റർ ചെയ്‌തിരിക്കുന്ന യുവതികളുടെ എണ്ണം 800 കഴിഞ്ഞു.

ഇതോടെ വെട്ടിലായിരിക്കുന്നത് സർക്കാറാണ്. സ്‌ത്രീകൾ വരുമ്പോൾ പ്രശ്‌നങ്ങൾ ഉണ്ടാക്കാനായി സംഘപരിവാർ സംഘങ്ങൾ ഒരുവശത്തും സു‌പ്രീംകോടതി വിധി പിന്തുണയായി ഏറ്റെടുത്ത് അയ്യപ്പദർശനത്തിനെത്തുന്ന സ്‌ത്രീകൾ മറുപക്ഷത്തും നിൽക്കുമ്പോൾ രണ്ടിനും ഇടയിലാണ് സർക്കാറിന്റേയും പൊലീസുകാരുടേയും സ്ഥാനം.

തുലാമാസ പൂജാ സമയത്തും ചിത്തിര ആട്ടത്തിരുനാളിനും പ്രതിഷേധക്കാരെ നേരിടുന്നതിനായി 2800ൽപ്പരം പൊലീസുകാരെ വിന്യസിച്ച ശബരിമലയിൽ ഇത്തവണയുള്ള 64 ദിവസം സുരക്ഷിതമാക്കാൻ വൻ സുരക്ഷയൊരുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ പതിനായിരത്തിന് മുകളില്‍ പൊലീസുകാര്‍ ശബരിമലയുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലുണ്ടാകും എന്നും സൂചനകളുണ്ട്.

ശബരിമലയിൽ യുവതീ പ്രവേശത്തിന്റെ മുൻ ഉത്തരവ് സ്‌റ്റേ ചെയ്യാൻ കോടതി വിസമ്മതിച്ചതോടെ സുപ്രീം ‌കോടതി വിധി നടപ്പിലാക്കാൻ സുരക്ഷ ഒരുക്കേണ്ടത് സർക്കാറിന്റെ കടമയാണ്. ഇത്തവണ സുരക്ഷയുടെ ഭാഗമായി 5 ഘട്ടങ്ങളായാണു പൊലീസിനെ വിന്യസിപ്പിക്കുക. ഈ മാസം 14 മുതല്‍ 30 വരെയാണ് ആദ്യഘട്ടവും 30 മുതല്‍ ഡിസംബര്‍ 14 വരെ രണ്ടാംഘട്ടവും 14 മുതല്‍ 29 വരെ മൂന്നാംഘട്ടവും 29 മുതല്‍ ജനുവരി 16 വരെ നാലാംഘട്ടവും 16 മുതല്‍ 20 വരെ അഞ്ചാംഘട്ടവും ആണ്.

ഇതുവരെ 800ൽപ്പരം സ്‌ത്രീകൾ ഓൺലൈൻ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നതുകൊണ്ടുതന്നെ ഇന്നത്തെ ഒരു ദിവസം കഴിയുന്നതിലൂടെ ഇതിൽ കൂടുതൽ സ്‌ത്രീകൾ വരാൻ മാത്രമേ സാധ്യത നിലനിൽക്കുന്നുള്ളൂ. എതുതന്നെയായാലും സ്‌ത്രീകൾക്ക് പരമാവധി സുരക്ഷയൊരുക്കുന്ന കാര്യത്തിൽ യാതോരു വിട്ടുവീഴ്ചയ്ക്കും സർക്കാർ തയ്യാറല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :