തുടര്‍ച്ചയായി ഇന്ധനവില വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ നാളെ യൂത്ത് കോണ്‍ഗ്രസ് പ്രതീകാത്മകമായി കേരള ബന്ദ് നടത്തും

ശ്രീനു എസ്| Last Updated: ചൊവ്വ, 30 ജൂണ്‍ 2020 (20:11 IST)
തുടര്‍ച്ചയായി ഇന്ധനവില വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ നാളെ യൂത്ത് കോണ്‍ഗ്രസ് പതീകാത്മകമായി കേരള ബന്ദ് നടത്തും. നാളെ രാവിലെ 11 മുതല്‍ 15 മിനിറ്റ് കേരളത്തിലെ 1000 കേന്ദ്രങ്ങളിലെ റോഡില്‍ 25000 വാഹനങ്ങള്‍ എഞ്ചിന്‍ ഓഫ് ചെയ്ത് പ്രതിഷേധിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫിപറമ്പില്‍ എം.എല്‍.എ അറിയിച്ചു.

കണ്ണില്‍ ചോരയില്ലാതെ ജനങ്ങളെ പിഴിയുകയാണ് കേന്ദ്ര സര്‍ക്കാരെന്നും പെട്രോളിന് 24.69 രൂപയും ഡീസലിന് 26.10 രൂപയും മാത്രം അടിസ്ഥാന വിലയുള്ളപ്പോള്‍ അവയ്ക്ക് യഥാക്രമം 51.55 രൂപയും 46.19
രൂപയും നികുതി ചുമത്തി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വന്‍കൊള്ള നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്രയും നികുതി ഒരു ലിറ്റര്‍ എണ്ണക്ക് കൊടുക്കേണ്ടി വരുന്ന ലോകത്തെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വം രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ എക്സൈസ് നികുതി വെറും 9.48 രൂപയായിരുന്നത് ഇപ്പോള്‍ 32.98 രൂപയാണ്. ഡീസലിന് അന്ന് 3.65 രൂപയായിരുന്നത് ഇപ്പോള്‍ 31.83 രൂപയായി.

ഈ പ്രതീകാത്മക കേരള ബന്ദില്‍ പങ്കെടുത്ത് ബഹുജനങ്ങള്‍ ആ സമയത്ത് റോഡില്‍ എവിടെയാണോ അതാതിടങ്ങളില്‍ വാഹനങ്ങളുടെ എഞ്ചിന്‍ ഓഫ് ചെയ്ത് ഈ പ്രതീകാത്മക ബന്ദില്‍ പങ്കെടുക്കുമെന്നും രാഷ്ട്രീയ സാംസ്‌ക്കാരിക രംഗത്തെ പ്രധാന വ്യക്തിത്വങ്ങളും സമരത്തില്‍ പങ്കെടുക്കുമെന്നും എണ്ണ വിലക്കൊള്ളയ്ക്കെതിരെ പ്രതിഷേധിക്കണമെന്ന് എല്ലാ കേരളീയരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും ഷാഫിപറമ്പില്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :