തദ്ദേശ ജനപ്രതിനിധികള്‍ ഇന്ന് അധികാരമേല്‍ക്കും; ചടങ്ങില്‍ കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍

തിരുവനന്തപുരം| ശ്രീനു എസ്| Last Modified തിങ്കള്‍, 21 ഡിസം‌ബര്‍ 2020 (08:06 IST)
തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ഇന്ന് സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചൊല്ലി അധികാരമേല്‍ക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രാവിലെ പത്തിനും കോര്‍പ്പറേഷനില്‍ 11.30നുമാണ് ചടങ്ങ്. സത്യപ്രതിജ്ഞാ ചടങ്ങില്‍ കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ അതതു വരണാധികാരികളാണ്
ആദ്യ അംഗത്തെ പ്രതിജ്ഞയെടുപ്പിക്കുന്നത്. കോര്‍പ്പറേഷനില്‍ ജില്ലാ കളക്ടര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഓരോ തദ്ദേശ സ്ഥാപനത്തിലും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ഏറ്റവും പ്രായംകൂടിയ അംഗത്തെയാണ് വരണാധികാരികള്‍ പ്രതിജ്ഞയെടുപ്പിക്കുന്നത്. തുടര്‍ന്ന് ഈ അംഗം മറ്റ് അംഗങ്ങള്‍ക്കു ചുമതലയേല്‍ക്കുന്നതിനായി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കും.

സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടേയും ആദ്യ യോഗം ആദ്യം പ്രതിജ്ഞചെയ്ത അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരും. ഈ യോഗത്തില്‍ അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പ് വായിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :