കെഎസ്ആര്‍ടിസിയും ആനവണ്ടിയും ഇനി കേരളത്തിന് സ്വന്തം

ശ്രീനു എസ്| Last Modified വ്യാഴം, 3 ജൂണ്‍ 2021 (07:19 IST)
കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്തും ലോഗോയും ആന വണ്ടി എന്ന പേരും ഇനിമുതല്‍ കേരളത്തിന് സ്വന്തം. കേരളത്തിന്റെയും, കര്‍ണ്ണാടകയുടേയും റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ വാഹനങ്ങളില്‍ പൊതുവായി ഉപയോഗിച്ച് വന്ന കെഎസ്ആര്‍ടിസി എന്ന പേര് ഇനി മുതല്‍ കേരളത്തിന് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. ഇരു സംസ്ഥാനങ്ങളും പൊതുഗതാഗത സര്‍വ്വീസുകളില്‍ കെഎസ്ആര്‍ടിസി എന്ന പേരാണ് വര്‍ഷങ്ങളായി ഉപയോഗിച്ച് വന്നത്. എന്നാല്‍ ഇത്
കര്‍ണ്ണാടകയുടേതാണെന്നും കേരള ട്രാന്‍സ്‌പോര്‍ട്ട് ഉപയോഗിക്കരുതെന്നും കാട്ടി 2014 ല്‍ കര്‍ണാടക നോട്ടീസ് അയക്കുകയായിരുന്നു. തുടര്‍ന്ന് അന്നത്തെ സിഎംഡിയായിരുന്ന അന്തരിച്ച ആന്റണി ചാക്കോ കേന്ദ്ര സര്‍ക്കാരിന് കീഴിലെ രജിസ്ട്രാര്‍ ഓഫ് ട്രേഡ്മാര്‍ക്കിന് കേരളത്തിന് വേണ്ടി അപേക്ഷിച്ചു. അതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി നിയമപോരാട്ടം നടക്കുകയായിരുന്നു. ഒടുവില്‍ ട്രേഡ് മാര്‍ക്ക്‌സ് ആക്ട് 1999 പ്രകാരം കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്തും എംബ്ലവും, ആനവണ്ടി എന്ന പേരും,കേരള റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് അനുവദിച്ച്, ട്രേഡ് മാര്‍ക്ക് ഓഫ് രജിസ്ട്രി ഉത്തരവിറക്കി.

' ജനങ്ങളുടെ ജീവിതവുമായി ഇഴുകി ചേര്‍ന്നതാണ് കേരളത്തില്‍ കെ എസ് ആര്‍ ടി സി യുടെ ചരിത്രം. വെറുമൊരു വാഹന സര്‍വീസ് മാത്രമല്ല, അത്. സിനിമയിലും, സാഹിത്യത്തിലും ഉള്‍പ്പടെ നമ്മുടെ സാംസ്‌കാരിക ജീവിതത്തില്‍ ഈ പൊതു ഗതാഗത സംവിധാനത്തിന്റെ മുദ്രകള്‍ പതിഞ്ഞിട്ടുണ്ട്. അത്ര വേഗത്തില്‍ മായ്ച്ചു കളയാന്‍ പറ്റുന്നതല്ല ഇത്. ട്രേഡ് മാര്‍ക്ക് രജിസ്ട്രിക്ക് അതു മനസിലാക്കി ഉത്തരവിറക്കാന്‍ കഴിഞ്ഞുവെന്നതില്‍ സന്തോഷമുണ്ട്. ഒപ്പം ഇതിനു വേണ്ടി പ്രയത്‌നിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. ഇത് കെഎസ്ആര്‍ടിസിക്ക് ലഭിച്ച നേട്ടമാണ് 'ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു

കെ എസ് ആര്‍ ടി സി എന്ന് ഇനി മുതല്‍ കേരളത്തിന് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ, അതുകൊണ്ട് തന്നെ കര്‍ണ്ണാടകത്തിന് ഉടന്‍ തന്നെ നോട്ടീസ് അയക്കുമെന്ന് കെ എസ് ആര്‍ ടി സി എം ഡി യും, ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകര്‍ അറിയിച്ചു. 'ആനവണ്ടി 'എന്ന പേരും പലരും പലകാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്, അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബിജു പ്രഭാകര്‍ ഐഎഎസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :