അഭിറാം മനോഹർ|
Last Modified ബുധന്‍, 17 സെപ്‌റ്റംബര്‍ 2025 (14:35 IST)
2026ല്‍ നിയമസഭാ തിരെഞ്ഞെടുപ്പ് നടക്കാനിക്കെ സീറ്റ് നിര്‍ണയം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാക്കി യുഡിഎഫ്. നേരത്തെ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ആരെല്ലാമാകും എന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ കോണ്‍ഗ്രസിനുള്ളില്‍ തുടങ്ങിയിരുന്നു. നിലവില്‍ മുസ്ലീം ലീഗിന്റെ കൈവശമുള്ള കളമശ്ശേരി, പുനലൂര്‍, ഗുരുവായൂര്‍, അഴീക്കോട്, തിരുവമ്പാടി സീറ്റുകള്‍ കോണ്‍ഗ്രസിന് വെച്ചുമാറുന്നതിനെ പറ്റിയാണ് ചര്‍ച്ചകള്‍ നടക്കുന്നത്.
കളമശ്ശേരിക്ക് പകരം കൊച്ചി സീറ്റ് കോണ്‍ഗ്രസിന് നല്‍കിയേക്കും. കെ ടി ജലീല്‍ തുടര്‍ച്ചയായി വിജയിക്കുന്ന തവനൂര്‍ കോണ്‍ഗ്രസ് ലീഗിന് നല്‍കിയേക്കും. പകരമായി ഗുരുവായൂര്‍ സീറ്റ് ആവശ്യപ്പെടുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ കെ മുരളീധരനെ കോണ്‍ഗ്രസ് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കിയേക്കും. തിരുവമ്പാടിക്ക് പകരം ബേപ്പൂരോ നാദാപുരമോ ലീഗിന് നല്‍കും. മുസ്ലീം ലീഗ് അഴിക്കോടിന് പകരം കണ്ണൂര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും റിജില്‍ മാക്കുറ്റിയെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതിനാല്‍ അതിന് സാധ്യത കുറവാണ്. സീറ്റുകള്‍ വെച്ച് മാറുന്നത് ഇരുപാര്‍ട്ടികള്‍ക്കും ഗുണം ചെയ്യുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
കോണ്‍ഗ്രസ് കൊച്ചി സീറ്റ് ഒഴിഞ്ഞുകൊടുത്താല്‍ മുതിര്‍ന്ന നേതാവ് ഇബ്രാഹിം കുഞ്ഞോ, അഡ്വ മുഹമ്മദ് ഷായോ ആകും ലീഗ് സ്ഥാനാര്‍ഥി.കളമശ്ശേരിയില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഇതിനകം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ സീറ്റ് ലീഗിന് നല്‍കുകയാണെങ്കില്‍ ആലുവയിലേക്ക് ഷിയാസിനെ പരിഗണിച്ചേക്കും.കേരള കോണ്‍ഗ്രസ് ജോസഫിന്റെ കൈവശമുള്ള ഏറ്റുമാനൂരില്‍ കോണ്‍ഗ്രസും അതിന് പകരമായി പൂഞ്ഞാര്‍ നല്‍കുന്നതും പരിഗണനയിലുണ്ട്.