അഭിറാം മനോഹർ|
Last Modified ഞായര്‍, 2 മെയ് 2021 (13:46 IST)
കേരളം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന തൃത്താലയിലെ ജനവിധി എംബി രാജേഷിന് അനുകൂലം. അവസാന ഘട്ട വോട്ടെണ്ണലിലേക്ക് കടക്കുമ്പോൾ രണ്ടായിരത്തിലധികം വോട്ടുകൾക്ക് മുന്നിലാണ് എം ബി രാജേഷ്. ഇതോടെ പഴയ ഇടതുകോട്ടയായ മണ്ഡലം ബൽറാമിൽ നിന്നും രാജകീയമായി തിരിച്ചെടുത്തിരിക്കുകയാണ് എംബി രാജേഷ്.
വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ തന്നെ മാറി മറിഞ്ഞ ലീഡ് നിലയായിരുന്നു തൃത്താലയിൽ. മത്സരത്തിന്റെ ഒരു ഘട്ടത്തിലും വ്യക്തമായ ആധിപത്യം സൃഷ്‌ടിക്കാൻ ഇരു മത്സരാർത്ഥികൾക്കുമായില്ല. ഇതോടെ വോട്ടെണ്ണൽ ഫോട്ടോഫിനിഷിലേക്ക് കടക്കുകയായിരുന്നു.
അവസാന റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കവെ രണ്ടായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് രാജേഷിനുള്ളത്. ഇനി വോട്ടെണ്ണാനുള്ളത് ഇടത് സ്വാധീന മേഖലയിലെ വോട്ടുകളാണ്. ഇതോടെയാണ് രാജേഷിന്റെ വിജയം ഉറപ്പായത്. അതേസമയം വോട്ടെണ്ണൽ അവസാനഘട്ടത്തിലെത്തിയതോടെ പരാജയം സമ്മതിക്കുന്നതായി വിടി ബൽറാം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്‌തു.
തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു. പുതിയ കേരള സർക്കാരിന് ആശംസകൾ വിടി ബൽറാം ഫേസ്‌ബുക്കിൽ പറഞ്ഞു.