അഭിറാം മനോഹർ|
Last Modified ചൊവ്വ, 14 ജൂലൈ 2020 (07:08 IST)
സംസ്ഥാനത്തെ കൊവിഡ് രോഗികളിൽ 95.8 ശതമാനം പേർക്കും നേരിയ ലക്ഷണങ്ങൾ മാത്രമെ ഉണ്ടായിരുന്നുള്ളുവെന്ന് ആരോഗ്യവകുപ്പ്. സാരമായ ലക്ഷണങ്ങളോട് കൂടി 3.6 ശതമാനം പേർക്ക് മാത്രമാണ് രോഗബാധയുണ്ടായത്. ഗുരുതരമായ ലക്ഷണങ്ങളോട് കൂടി 0.6 ശതമാനം പേർക്കും രോഗമുണ്ടായി.
സംസ്ഥാനത്തെ 500 രോഗികളുടെ ക്ലിനിക്കൽ പഠനവിവരങ്ങളാണ് ആരോഗ്യവകുപ്പ് പ്രസിദ്ധപ്പെടുത്തിയത്.കേരളത്തിൽ രോഗം റിപ്പോർട്ട് ചെയ്തവരിൽ 73.4 ശതമാനം പുരുഷന്മാരും 26.6 ശതമാനം സ്ത്രീകളുമായിരുന്നു.500 രോഗികളിൽ 414 പേർക്കും മറ്റു ഗുരുതര രോഗങ്ങളില്ലായിരുന്നു.
വരണ്ട ചുമ, വയറിളക്കം തുടങ്ങിയ പ്രാഥമിക ലക്ഷണങ്ങളുള്ള (കാറ്റഗറി എ)വരിൽ 14.1 ശതമാനം പേർക്ക് ഒരു മാസത്തെ ചികിത്സവേണ്ടിവന്നു.പ്രാഥമിക ലക്ഷണങ്ങൾക്കൊപ്പം മറ്റു ഗുരുതര രോഗങ്ങളുള്ളവർക്കും ഗർഭിണികൾക്കും അറുപതിനുമേൽ പ്രായമുള്ളവർക്കും (കാറ്റഗറി ബി( 14.1%))ഒരു മാസത്തെ ചികിത്സ വേണ്ടിവന്നു.
രണ്ടാഴ്ചത്തെ ചികിത്സ വേണ്ടിവന്നത് 23 ശതമാനം പേർക്കാണ്. 23.9 ശതമാനം പേർ ഒരുമാസ ചികിത്സക്ക് ശേഷമാശുപത്രി വിട്ടു.2.7 ശതമാനം പേർക്ക് ഒരുമാസത്തിലധികം ചികിത്സ വേണ്ടിവന്നു.ഗുരുതരമായി രോഗംബാധിച്ച ഒരു ശതമാനം പേർക്കാണ് ഐ.സി.യു. ഉപയോഗിക്കേണ്ടിവന്നത്. 0.6 ശതമാനം പേർക്ക് വെന്റിലേറ്റർ വേണ്ടിവന്നു.