കൊല്ലം|
jibin|
Last Modified ശനി, 12 മാര്‍ച്ച് 2016 (20:02 IST)
ജോസ് കെ മാണിയെ കേന്ദ്രമന്ത്രിയാക്കാൻ കേരളാ കോൺഗ്രസിനെ (എം) ബിജെപി പാളയത്തിലെത്തിക്കാനാണ് പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണി ശ്രമിച്ചതെന്ന് ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ആന്റണി രാജു. ജോസ് കെ
മാണിയുടെ തീരുമാനങ്ങൾ പാർട്ടിയിൽ മാണി നടപ്പിലാക്കുകയാണ്. പഴയ ജോസഫ് ഗ്രൂപ്പ് പ്രവർത്തകരെ മാണി
അവഗണിച്ചപ്പോൾ പിജെ ജോസഫിന് ഇടപെടാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം നടത്തേണ്ട സംഘടനാ തെരഞ്ഞെടുപ്പ് നടത്താൻ പാർട്ടിക്കായില്ല. ഒന്നര വർഷമായി ഉന്നതാധികാര സമിതി വിളിച്ചുചേർക്കാതെ ജോസ് കെ മാണിയുടെ തീരുമാനങ്ങൾ പാർട്ടിയിൽ മാണി നടപ്പിലാക്കുകയാണ്. പാര്‍ട്ടിയെ പിടിച്ചു കുലുക്കിയ ബാർകോഴ ആരോപണത്തെകുറിച്ച് പാർട്ടി നടത്തിയ അന്വേഷണറിപ്പോർട്ട് പുറത്ത് വിടാൻ കെഎം മാണി തയ്യാറാകണം. കോഴയെ കുറിച്ച് അന്വേഷിക്കാൻ പാർട്ടി നിയോഗിച്ച കമ്മിറ്റിയിൽ താനും അംഗമായിരുന്നുന്നെങ്കിലും വിവരങ്ങൾ പുറത്ത് പറയില്ലെന്നും ആന്റണി രാജു.
പാർട്ടി പിളർന്നപ്പോൾ നേതാക്കൾ മാണിക്കൊപ്പവും പ്രവർത്തകർ തങ്ങൾക്കൊപ്പവുമാണ്. ഒന്നര വർഷമായി ബാർ കോഴയിൽ കെട്ടിയിടപ്പെട്ട പാർട്ടിയുടെ സംഘടനാ പ്രവർത്തനം മന്ദീഭവിച്ച് ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട നിലയിലാണ് മാണിയെന്നും ആന്റണി രാജു പറഞ്ഞു.
അതേസമയം, ജനാധിപത്യ കേരളാ കോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജും മാണിക്കെതിരെ രംഗത്തെത്തി. ബജറ്റ് വിറ്റെന്ന ഗുരുതര ആരോപണം ഉന്നയിച്ചവർക്കെതിരെ അദ്ദേഹം എന്തുകൊണ്ട് നിയമനടപടികൾ സ്വീകരിക്കാൻ തയാറായില്ല. ബാർകോഴ കേസിൽ രാജിവച്ച മാണി തന്‍റെ വകുപ്പുകൾ പാർട്ടിയിലെ എംഎൽഎമാർക്ക് കൈമാറാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൈമാറിയത് സ്വന്തം എംഎൽഎമാരോടുള്ള വിശ്വാസക്കുറവു കൊണ്ടാണോയെന്നും അദ്ദേഹം ചോദിച്ചു.