തൊടുപുഴ|
jibin|
Last Modified വ്യാഴം, 11 ഓഗസ്റ്റ് 2016 (14:56 IST)
കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ പിജെ ജോസഫ് വിഭാഗത്തില്‍ നിന്ന് എതിര്‍പ്പുകള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണി രംഗത്ത്. യുഡിഎഫ് വിട്ട
തീരുമാനത്തില്‍ മാറ്റമൊന്നുമില്ല. മുന്നണിക്ക് പ്രസക്‍തിയുണ്ടെങ്കിലും ഒറ്റയ്‌ക്ക് നില്‍ക്കാനാണ് തങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെന്നും മാണി വ്യക്തമാക്കി.
മറ്റ് മുന്നണികള്‍ കേരളാ കോണ്‍ഗ്രസിനെ (എം) സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ട്. ചരൽക്കുന്ന് നേതൃക്യാമ്പിൽ യുഡിഎഫ് വിടാനുള്ള തീരുമാനം പാർട്ടി ഒറ്റക്കെട്ടായി എടുത്തതാണ്. നിലവിൽ ഒരു മുന്നണിക്കൊപ്പവും ചേർന്ന് പ്രവർത്തിക്കില്ല എന്ന നിലപാടിൽ മാറ്റമില്ല. എല്ലാവരും കൂട്ടായി എടുത്ത തീരുമാനമാണിത്. പാർട്ടിയെ ശക്‌തിപ്പെടുത്തുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും മാണി വ്യക്തമാക്കി.
മുന്നണി ബന്ധം അനിവാര്യമാണെന്ന പിജെ ജോസഫ് പറഞ്ഞത് ശരിയാണ്. എന്നാല്‍ തങ്ങള്‍ തല്‍ക്കാലം ഒറ്റയ്‌ക്ക് നില്‍ക്കും.
പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന വാര്‍ത്ത തെറ്റാണ്. കാലാകാലങ്ങളിൽ വരുന്ന രാഷ്ട്രീയ നിലപാടുകൾക്കും നയങ്ങൾക്കും ഒപ്പം പാർട്ടി നിൽക്കുമെന്നും മാണി പറഞ്ഞു.
കേരളത്തിൽ മുന്നണി രാഷ്ട്രീയത്തിനാണു പ്രസക്തിയെന്ന മോൻസ് ജോസഫിന്റെ പ്രസ്താവനയെ അനുകൂലിച്ച് പിജെ ജോസഫ് രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് മാണി പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയത്. ഇന്നത്തെ സാഹചര്യത്തില്‍ മുന്നണിയുമായുള്ള ബന്ധം കേരളാ കോണ്‍ഗ്രസിന് ആവശ്യമാണ്. എന്നാല്‍, ഒറ്റയ്ക്ക് നിന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ഇപ്പോള്‍ വേണ്ടതെന്നുമാണ് ജോസഫ് പറഞ്ഞത്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മുന്നണിയോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് പാര്‍ട്ടിയ്ക്ക് നല്ലതെന്നും എന്നാല്‍ എന്‍ഡിഎയിലേക്ക് ഇല്ലെന്നും രാവിലെ മോന്‍സ് ജോസഫ് വ്യക്തമാക്കി.
ഒറ്റയ്ക്ക് നിന്ന് ശക്തി തെളിയിക്കുക എന്ന് മാണിയുടെ നിലപാടിനോട് യോജിക്കാനാല്ല. തന്റെ നിലപാടുകള്‍ പാര്‍ട്ടിയില്‍ പറയും. ജനതാത്പര്യം ബലികൊടുക്കുന്ന തീരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ സാധിക്കില്ല. രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ള നിലപാടല്ല, മറിച്ച് ജനതാത്പര്യത്തിനാണ് പ്രാധാന്യം നല്‍കുക എന്നും മോന്‍സ് ജോസഫ് പറഞ്ഞിരുന്നു.