ഗണേഷിനോട് മത്സരിച്ചാല്‍ ജഗദീഷ് എട്ടുനിലയില്‍ പൊട്ടും; ‘കോമാളിയായ ജഗദീഷി’നെ സ്ഥാനാര്‍ഥിയാക്കിയാല്‍ കോണ്‍ഗ്രസ് കാലുവാരും, നടക്കാന്‍ പോകുന്നത് കലോത്സവമല്ലെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം

ജഗദീഷിനുള്ള പിന്തുണ ഇടിയുകയാണ്

കേരളാ കോണ്‍ഗ്രസ് (ബി) , ഗണേഷ് കുമാര്‍ , ജഗദീഷ് , നിയമസഭ തെരഞ്ഞെടുപ്പ്  ,
പത്തനാപുരം| jibin| Last Modified വെള്ളി, 4 മാര്‍ച്ച് 2016 (22:48 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ഗണേഷ് കുമാറിനെതിരെ നടന്‍ ജഗദീഷിനെ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തില്‍ തിരിച്ചടിയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷിന്റെ പ്രത്യേക താല്‍പ്പര്യമാണ് ജഗദീഷിനെ രംഗത്തിറക്കുന്നതെന്നും ഈ തീരുമാനത്തില്‍ പിന്തുണക്കില്ലെന്നും കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം വ്യക്തമാക്കി കഴിഞ്ഞു.

പത്തനാപുരത്ത് നടക്കാന്‍ പോകുന്നത് രാഷ്‌ട്രീയ പോരാട്ടമാണെന്നും കലോത്സവമല്ലെന്നുമാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം വ്യക്തമാക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അനുഗ്രഹത്തോടെയാണ് ജഗദീഷിനെ പരിഗണിച്ചതെന്നാണ് കൊടിക്കുന്നില്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ ജഗദീഷിനുള്ള പിന്തുണ ഇടിയുകയാണ്. ഗണേഷിന് നിലവിലുള്ള പിന്തുണയ്‌ക്ക് പിന്നാലെ സിപിഎമ്മില്‍ നിന്ന് ലഭിക്കുന്ന അകമഴിഞ്ഞ സഹായവും ജഗദീഷിന് തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ജഗദീഷിന് സമകാലിക വിഷയങ്ങളില്‍ വിഞ്ജാനം കുറവാണെന്നും കെട്ടിയിറക്കിയ നേതാവാണെന്നും കോണ്‍ഗ്രസില്‍ നിന്ന് തന്നെ വിമര്‍ശനമുണ്ട്.

ഗണേഷിന് ലഭിക്കുന്ന പിന്തുണ ജഗദീഷിന് ലഭിക്കില്ല എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. മന്ത്രിസ്ഥാനത്ത് ഇരിക്കവെ ഗണേഷ് നടപ്പിലാക്കിയ മാറ്റങ്ങള്‍ കൈയടി നേടിയിരുന്നു. മന്ത്രിയെന്ന നിലയില്‍ ഗണേഷ് വിജയമായിരുന്നുവെന്നും പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്‌നങ്ങളാണ് അദ്ദേഹത്തിന് തിരിച്ചടിയായതെന്നുമാണ് വിലയിരുത്തല്‍.

ജഗദീഷിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ പത്തനാപുരത്ത് കഴിഞ്ഞ ദിവസം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കോമാളിയായ ജഗദീഷിനെ സ്ഥാനാര്‍ഥിയായി വേണ്ടെന്നാണ് പോസ്റ്ററില്‍ വ്യക്തമാക്കിയിരുന്നത്.
മത്സരിക്കാന്‍ യോഗ്യരായ നിരവധി പേര്‍ കോണ്‍ഗ്രസില്‍ ഉണ്ടെന്നും പോസ്റ്ററില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍, ജഗദീഷിന് എതിരെയുള്ള പോസ്റ്ററുകളുമായി തങ്ങള്‍ക്ക് യാതൊരുവിധ ബന്ധവുമില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.

കൊല്ലത്തെ കോൺഗ്രസ് നേതാക്കൾ എങ്ങോട്ട് പോകണം എന്ന് ചോദിച്ചാണ് പോസ്റ്ററുകൾ. കെട്ടിയിറക്കിയ സ്ഥാനാർഥികളെ മണ്ഡലത്തിന് വേണ്ട എന്നും എ സി റൂമിൽ ഇരിക്കുന്ന സംസ്ഥാന നേതാക്കൾ ഇതിന് ഉത്തരം തരണമെന്നും പോസ്റ്ററില്‍ പറയുന്നു. വരുത്തൻമാരേ ഉള്ളോ പത്തനാപുരത്ത് കോൺഗ്രസിന്‍റെ സ്ഥാനാർഥി എന്നാണ് യൂത്ത് കോൺഗ്രസിന്‍റെ പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ ചോദിക്കുന്നത്. കെ പി സി സി ഇക്കാര്യത്തിൽ ഇടപെടണമെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നുണ്ട്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :