കോമാളിയായ ജഗദീഷിനെ സ്ഥാനാര്‍ത്ഥിയായി വേണ്ടെന്ന് പോസ്റ്റര്‍; പോസ്റ്ററുമായി ബന്ധമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്

കോമാളിയായ ജഗദീഷിനെ സ്ഥാനാര്‍ത്ഥിയായി വേണ്ടെന്ന് പോസ്റ്റര്‍; പോസ്റ്ററുമായി ബന്ധമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്

പത്തനാപുരം| JOYS JOY| Last Modified വ്യാഴം, 3 മാര്‍ച്ച് 2016 (10:00 IST)
നടന്‍ ജഗദീഷിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ പത്തനാപുരത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കോമാളിയായ ജഗദീഷിനെ സ്ഥാനാര്‍ത്ഥിയായി വേണ്ടെന്നാണ് പോസ്റ്ററില്‍ പറയുന്നത്. മത്സരിക്കാന്‍ യോഗ്യരായ നിരവധി പേര്‍ കോണ്‍ഗ്രസില്‍ ഉണ്ടെന്നും പോസ്റ്ററില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതേസമയം, ജഗദീഷിന് എതിരെയുള്ള പോസ്റ്ററുകളുമായി തങ്ങള്‍ക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.

കൊല്ലത്തെ കോൺഗ്രസ് നേതാക്കൾ എങ്ങോട്ട് പോകണം എന്ന് ചോദിച്ചാണ് പോസ്റ്ററുകൾ. കെട്ടിയിറക്കിയ സ്ഥാനാർഥികളെ മണ്ഡലത്തിന് വേണ്ട എന്നും എ സി റൂമിൽ ഇരിക്കുന്ന സംസ്ഥാന നേതാക്കൾ ഇതിന് ഉത്തരം തരണമെന്നും പോസ്റ്ററില്‍ പറയുന്നു. വരുത്തൻമാരേ ഉള്ളോ പത്തനാപുരത്ത് കോൺഗ്രസിന്‍റെ സ്ഥാനാർഥി എന്നാണ് യൂത്ത് കോൺഗ്രസിന്‍റെ പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ ചോദിക്കുന്നത്. കെ പി സി സി ഇക്കാര്യത്തിൽ ഇടപെടണമെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നുണ്ട്.

കൊല്ലം ഡി സി സി, കെ പി സി സിക്ക് നല്കിയ സാധ്യതാപട്ടികയില്‍ ജഗദീഷിന്റെ പേരും ഉണ്ടായിരുന്നു. പത്തനാപുരത്ത് കെ ബി ഗണേഷ് കുമാറിനെതിരെ ജഗദീഷിനെ നിര്‍ത്താനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. എന്നാല്‍, സഹപ്രവര്‍ത്തകനെതിരെ മത്സരിക്കാന്‍ ജഗദീഷ് വൈമുഖ്യം പ്രകടിപ്പിച്ചതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍, സിനിമാനടനായ ഗണേഷ് കുമാറിനെ നേരിടാന്‍ സിനിമാനടനായ ജഗദീഷ് തന്നെയാണ് ഏറ്റവും യോഗ്യന്‍ എന്ന നിലപാടാണ് കെ പി സി സിക്ക് ഉള്ളത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :