വോട്ടെണ്ണല്‍ നടക്കുന്നത് 114 കേന്ദ്രങ്ങളില്‍; വോട്ടെണ്ണല്‍ ഹാളുകള്‍ കഴിഞ്ഞ തവണയുണ്ടായിരുന്ന 140 ല്‍നിന്ന് 633 ആയി ഉയര്‍ന്നു

ശ്രീനു എസ്| Last Modified ശനി, 1 മെയ് 2021 (13:01 IST)
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മെയ് രണ്ടിന് കൂടുതല്‍ കേന്ദ്രങ്ങളും സൗകര്യങ്ങളുമൊരുക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത്തവണ 114 കേന്ദ്രങ്ങളിലായി 633 കൗണ്ടിംഗ് ഹാളുകളാണ് സജ്ജമാക്കിയിരിക്കുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. ഇതില്‍ 527 ഹാളുകള്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും 106 എണ്ണത്തില്‍ തപാല്‍ ബാലറ്റുകളും എണ്ണം.

ഇ.വി.എം/വി.വി.പാറ്റ് സൂക്ഷിക്കാന്‍ ഇത്തവണ പൊതുതിരഞ്ഞെടുപ്പിനായി 140 ഉം ഉപ തിരഞ്ഞെടുപ്പിനായി ഏഴു സ്‌ട്രോംഗ് റൂമുകളുമാണുള്ളത്. 49 സി.എ.പി.എഫ് കമ്പനികളാണ് സ്‌ട്രോംഗ് റൂമുകളുടെ സുരക്ഷ ഒരുക്കുന്നത്. ഇതിനൊപ്പം സ്റ്റേറ്റ് ആംഡ് പോലീസ് ബറ്റാലിയനും സംസ്ഥാന പോലീസ് സേനയുമാണ് രണ്ടുതല സുരക്ഷയും സ്‌ട്രോങ്ങ് റൂമുകളിലുണ്ട്.

റിസര്‍വ് ഉള്‍പ്പെടെ 50496 വീതം ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും, 54349 വി.വി പാറ്റ് മെഷീനുകളുമാണ് ഇത്തവണ പൊതുതിരഞ്ഞെടുപ്പിന് ഉപയോഗിച്ചത്. മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന് 2594 ബാലറ്റ് യൂണിറ്റുകളും, 2578 കണ്‍ട്രോള്‍ യൂണിറ്റുകളും 2851 വി.വി പാറ്റ് മെഷീനുകളാണ് റിസര്‍വ് ഉള്‍പ്പെടെ ഉപയോഗിച്ചിരിക്കുന്നത്.

വോട്ടെണ്ണല്‍ ഹാളുകളുടെ എണ്ണം കഴിഞ്ഞ തവണയുണ്ടായിരുന്ന 140 ല്‍നിന്ന് 633 ആയി ഉയര്‍ന്നിട്ടുണ്ട് (78 ശതമാനം വര്‍ധന). ഒരു ഹാളില്‍ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ 14 ടേബിളുകള്‍ ഉണ്ടായിരുന്നത്, ഇത്തവണ കോവിഡ് സാഹചര്യത്തില്‍ സാമൂഹ്യ അകലം ഉറപ്പാക്കാന്‍ ഒരു ഹാളില്‍ ഏഴായി കുറച്ചിട്ടുണ്ട്. കോവിഡ് സാഹചര്യത്തില്‍ പോളിംഗ് ബൂത്തുകള്‍ 89 ശതമാനം വര്‍ധിപ്പിച്ചിരുന്നു. ഇതിനനുസരിച്ച് ഇ.വി.എമ്മുകളിലും വര്‍ധനവുണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :