നെല്‍വിന്‍ വില്‍സണ്‍|
Last Modified ശനി, 1 മെയ് 2021 (08:05 IST)
ഇതുവരെ നേരിടാത്ത അപവാദപ്രചാരണങ്ങളും കുറ്റപ്പെടുത്തലുകളും തൃത്താലയില്‍ മത്സരിച്ചപ്പോള്‍ കേള്‍ക്കേണ്ടിവന്നെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.ബി.രാജേഷ്. രാഷ്ട്രീയ ജീവിതത്തില്‍ നാലാം തവണയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. എന്നാല്‍, മുന്‍പൊന്നും കേള്‍ക്കാത്ത വിധത്തിലുള്ള കാര്യങ്ങള്‍ തൃത്താലയില്‍ കേട്ടു. അപവാദപ്രചാരണങ്ങള്‍ ഒരുപാട് കേട്ടു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും രാജേഷ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ശക്തമായ മത്സരം നടന്ന മണ്ഡലമാണ് തൃത്താലയെന്നും നേരിയ മുന്‍തൂക്കം എല്‍ഡിഎഫിനായിരിക്കുമെന്നും രാജേഷ് പ്രതീക്ഷ പ്രകടിപ്പിച്ചു. സംസ്ഥാനത്ത് തുടര്‍ഭരണം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ പോരാട്ടം നടന്ന മണ്ഡലമാണ് തൃത്താല. വി.ടി.ബല്‍റാമും എം.ബി.രാജേഷും തമ്മിലാണ് പോരാട്ടം. കഴിഞ്ഞ തവണ വന്‍ഭൂരിപക്ഷത്തിലാണ് ബല്‍റാം തൃത്താലയില്‍ ജയിച്ചത്. കഴിഞ്ഞ രണ്ട് തവണയായി കൈവിട്ടുപോകുന്ന മണ്ഡലം രാജേഷിലൂടെ തിരിച്ചുപിടിക്കാന്‍ കഴിയുമെന്നാണ് എല്‍ഡിഎഫ് കണക്കുകൂട്ടല്‍.