നിയമസഭാ തിരഞ്ഞെടുപ്പ്: പുനഃചംക്രമണ സാധ്യമായ വസ്തുക്കള്‍ ഉപയോഗിച്ചുള്ള ബാനറുകളോ, ബോര്‍ഡുകളോ മാത്രമേ പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടുള്ളു

ശ്രീനു എസ്| Last Modified ചൊവ്വ, 9 മാര്‍ച്ച് 2021 (12:42 IST)
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോട്ടണ്‍ തുണി, പേപ്പര്‍, പോളി എത്തിലീന്‍ തുടങ്ങിയ പുനരുപയോഗ പുന:ചംക്രമണ സാധ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് അച്ചടിക്കുന്ന ബാനറുകളോ, ബോര്‍ഡുകളോ മാത്രമേ പ്രചാരണ പരിപാടികള്‍ക്ക് ഉപയോഗിക്കാവൂ. പ്രിന്റ് ചെയ്യുമ്പോള്‍ റീസൈക്ലബിള്‍, പി.വി.സി ഫ്രീ എന്ന ലോഗോയും, ഉപയോഗം അവസാനിക്കുന്ന തീയതിയും, പ്രിന്റു ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും, പ്രിന്റിംഗ് നമ്പരും നിര്‍ബന്ധമായും പ്രചാരണ സാമഗ്രികളില്‍ ഉള്‍പ്പെടുത്തണം. നിരോധിത ഉത്പ്പന്നങ്ങളുടെ ഉപയോഗത്തിനെതിരെ അനുയോജ്യ നിയമ നടപടികള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ സ്വീകരിക്കും.

പ്രചാരണ സാമഗ്രികള്‍ ഉപയോഗശേഷം അതത് രാഷ്ട്രീയ പാര്‍ട്ടികള്‍ ശേഖരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകര്‍മ്മ സേന മുഖേന ക്ലീന്‍ കേരള കമ്പനിക്ക് കൈമാറണം. രാഷ്ട്രീയ പാര്‍ട്ടികളുടെ ഇലക്ഷന്‍ ഓഫീസുകള്‍ അലങ്കരിക്കുന്നതിന് പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം. പോളിംഗ് ബൂത്തുകളില്‍ നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :