ശ്രീനു എസ്|
Last Modified ചൊവ്വ, 2 മാര്‍ച്ച് 2021 (11:56 IST)
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ഏഴു വരെയാണ് വോട്ടെടുപ്പെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നക്സല്‍ ബാധിത പ്രദേശങ്ങളിലെ ബൂത്തുകളില്‍ വൈകിട്ട് ആറിന് വോട്ടെടുപ്പ് അവസാനിക്കും. കേരളത്തില്‍ 298 നക്സല്‍ ബാധിത ബൂത്തുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നക്സല്‍ ബാധിത ബൂത്തുകളുള്ളത്. നക്സല്‍ ബാധിത ബൂത്തുകളിലും ക്രിട്ടിക്കല്‍, വള്‍നറബിള്‍ ബൂത്തുകളിലും പോളിംഗ് സ്റ്റേഷന്‍ വളപ്പിനുള്ളില്‍ കേന്ദ്ര സേനയെയാണ് നിയോഗിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. 549 ക്രിട്ടിക്കല്‍ ലൊക്കേഷന്‍ ബൂത്തുകളും 433 വള്‍നറബിള്‍ ബൂത്തുകളുമുണ്ട്.
ഇത്തവണ 50 ശതമാനം പോളിംഗ് ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തും. പോളിംഗ് ഉദ്യോഗസ്ഥര്‍ നിഷ്പക്ഷത പാലിക്കണം. നല്ല രീതിയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് സമയത്തും അതിനു ശേഷവും തിരഞ്ഞെടുപ്പ് കമ്മിഷന്‍ സംരക്ഷിക്കും.