ഒടുവില്‍ രത്നകുമാറിനെ തേടി ഭാഗ്യദേവതയെത്തി

 രത്നകുമാര്‍ , കഴക്കൂട്ടം , കാരുണ്യ ലോട്ടറി
കഴക്കൂട്ടം| jibin| Last Modified തിങ്കള്‍, 30 ജൂണ്‍ 2014 (16:36 IST)
ഒരു ലക്ഷം രൂപ പലിശയടയ്ക്കണം അല്ലെങ്കില്‍ പണയം വച്ചിരിക്കുന്ന വീട് നഷ്ടപ്പെടും എന്ന നിലവന്നപ്പോള്‍ എന്തുചെയ്യണം എന്നറിയാതെ വിഷമിച്ച രത്നകുമാറിനെ ഒടുവില്‍ ഭാഗ്യദേവത കടാക്ഷിച്ചു - കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചു.

ശ്രീകാര്യം മണ്‍വിള എല്‍പിഎസിനടുത്ത് രാഖിഭവനില്‍ രത്നകുമാര്‍ എന്ന
കെട്ടിടനിര്‍മ്മാണത്തൊഴിലാളിക്കാണ്‌ കാരുണ്യ ലോട്ടറിയുടെ നൂറ്റി നാല്‍പ്പത്തഞ്ചാം നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത്. വീടിന്‍റെ ആധാരം കുളത്തൂര്‍ അരശും‍മൂട് മാധവ വിലാസം സര്‍വീസ് സഹകരണ ബാങ്കില്‍ പണയം വച്ച് രണ്ടര ലക്ഷം രൂപ വായ്പയെടുത്തിരുന്ന രത്നകുമാറിന്‌ വായ്പ തിരിച്ചടയ്ക്കാന്‍ കഴിഞ്ഞില്ല.

തുടര്‍ന്ന് ഇപ്പോള്‍ ഒരു ലക്ഷത്തോളം രൂപ പലിശ അടയ്ക്കണമെന്ന് നോട്ടീസ് വന്നു. ഇതില്‍ വിഷമിച്ച പരക്കം പായുമ്പോഴാണ്‌ ഭാഗ്യദേവത ഇത്തരത്തില്‍ കടാക്ഷം നല്‍കി രത്നകുമാറിനെ കോടീശ്വരനാക്കിയത്. കെഇ 207436 എന്ന നമ്പറിനാണ്‌ ഒന്നാം സമ്മാനം ലഭിച്ചത്.

സ്ഥിരമായി ലോട്ടറി എടുത്തു ഭാഗ്യം പരീക്ഷിക്കുന്ന ഇയാള്‍ക്ക് മുമ്പ് പതിനായിരം രൂപയുടെ സമ്മാനം ലഭിച്ചിരുന്നു. ആധാരം തിരിച്ചെടുക്കണമെന്നും മകനെ പഠിപ്പിക്കണമെന്നും വിവാഹിതയായ മൂത്ത മകള്‍ രാഖിക്ക് എന്തെങ്കിലും കൊടുക്കണമെന്നും മാത്രമാണ്‌ രത്നകുമാറിന്‍റെ ഇപ്പോഴത്തെ
ആഗ്രഹം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :