കണ്ണൂര്‍|
Last Modified ഞായര്‍, 14 സെപ്‌റ്റംബര്‍ 2014 (11:36 IST)
കതിരൂരിലെ ആര്‍എസ്‌എസ് നേതാവ് മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ കൂട്ടുപ്രതികള്‍ക്കായി തെരച്ചില്‍ ശക്തമാക്കി. ലോക്കല്‍ പൊലീസിന്റെ സഹായത്തോടെ വ്യാപക പരിശോധന നടത്താനാണ് ക്രൈംബ്രാഞ്ച് തീരുമാനം. നിലവില്‍ കസ്‌റ്റഡിയിലുള്ള ഒന്നാം പ്രതി വിക്രമന്‍ കൂട്ടു പ്രതികളുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ അന്വേഷണം സിബിഐയ്‌ക്ക് കൈമാറാന്‍ സര്‍ക്കാര്‍ വിജ്‌ഞാപനം ഇറക്കിയ സാഹചര്യത്തില്‍ കൂട്ടുപ്രതികളെ പിടികൂടാനായി അമിതാവേശം കാട്ടി സംഭവത്തില്‍ പങ്കില്ലാത്തവരെ പിടികൂടി ചീത്തപ്പേരുണ്ടാക്കേണ്ട എന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. അതിനാല്‍ വ്യക്തമായ അന്വേഷണത്തിന് ശേഷമാകും അറസ്റ്റ്.
അതേസമയം, സിബിഐ വന്നാലും ഇല്ലെങ്കിലും കേസ് അന്വേഷണം ഊര്‍ജിതമാക്കാനുള്ള തീരുമാനത്തിലാണു ക്രൈംബ്രാഞ്ച് മുന്നോട്ടുപോകുന്നത്. അക്രമത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്താനുള്ള ശ്രമവും പൊലീസ് തുടങ്ങി. മനോജിനെ കൊലപ്പെടുത്തിയ ശേഷം ആയുധങ്ങള്‍ കുന്നിലേക്കു വലിച്ചെറിഞ്ഞുവെന്നാണ് വിക്രമന്റെ മൊഴി. കൂട്ടുപ്രതികളെല്ലാം കതിരൂരില്‍ നിന്നുള്ളവരാണെന്ന മൊഴിയും ക്രൈംബ്രാഞ്ച് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.