കണ്ണൂര്‍|
Last Modified ഞായര്‍, 14 സെപ്‌റ്റംബര്‍ 2014 (15:26 IST)
കതിരൂരിലെ മനോജ് വധക്കേസില്‍ പ്രതി വിക്രമന്‍ വീണ്ടും മൊഴി മാറ്റി. ഇതോടെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം വെട്ടിലായി. തനിക്കൊപ്പമുണ്ടായിരുന്ന ആറംഗ സംഘത്തിന്റെ പേരുകള്‍ വിക്രമന്‍ വീണ്ടും അന്വേഷണസംഘത്തിനു മുമ്പാകെ മാറ്റിപ്പറഞ്ഞതാണ് സംഘത്തെ വെട്ടിലാക്കിയത്. ഇതോടെ കൊലപാതകത്തില്‍ വിക്രമന്റെ പങ്ക് തെളിയിക്കാനുള്ള ശ്രമങ്ങള്‍ തുടരുമ്പോഴും ഗൂഡാലോചന തെളിയിക്കാനുള്ള ഒരു തെളിവും ക്രൈംബ്രാഞ്ച് വട്ടം കറങ്ങുകയായിരുന്നു.
വെട്ടിക്കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കതിരൂര്‍ ചാടാലിപ്പുഴയില്‍ ഉപേക്ഷിച്ചെന്നാണ് പ്രതി വിക്രമന്റെ പുതിയ മൊഴി. വിക്രമന്റെ വിദഗ്ധമായ തിരക്കഥയെ അടിസ്ഥാനമാക്കിയുള്ള മൊഴികളാണ് ക്രൈംബ്രാഞ്ചിനെ വട്ടം കറക്കുന്നത്. കൊലയ്ക്ക് ശേഷം ചാടാലിപ്പുഴയിലെത്തിച്ച് ആയുധങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നെന്നാണ് വിക്രമന്റെ ഒടുവിലത്തെ മൊഴി. കതിരൂരിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെ കാട്ടില്‍ ആയുധങ്ങള്‍ ഉപേക്ഷിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കൃത്യമായി പരിശീലിപ്പിച്ച മൊഴികളാണ് വിക്രമന്‍ നല്‍കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. മൊഴിയിലെ വൈരുധ്യങ്ങള്‍ കണ്ടുപിടിക്കുമ്പോള്‍ തുടര്‍ ചോദ്യങ്ങളോട് വിക്രമന്‍ സഹകരിക്കാത്തതും അന്വേഷണസംഘത്തിന് തലവേദനയായിട്ടുണ്ട്.
മനോജിനെ കൊലപ്പെടുത്തുമ്പോള്‍ തന്റെ കൂടെയുണ്ടായിരുന്നതായി ആദ്യദിവസം മൊഴി നല്‍കിയ ആരുപേരുടെ പേരുകളും വിക്രമന്‍ പിന്നീട് ചോദ്യം ചെയ്തപ്പോള്‍ മാറ്റിപ്പറഞ്ഞു. ഈ പേരുകളും ക്രൈംബ്രാഞ്ച് വിശ്വസിച്ചിട്ടില്ല. തന്റെ സുഹൃത്ത് സുരേന്ദ്രനെ കൊലപ്പെടുത്തിയതിലുള്ള വൈരാഗ്യമാണ് മനോജിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വിക്രമന്‍ മൊഴി നല്‍കിയതോടെ ഗൂഡാലോചനയിലേക്ക് നീളുന്ന സാധ്യതകളും മങ്ങി. സിബിഐ അന്വേഷണം ഉടന്‍ ആരംഭിക്കാനിരിക്കേ ഗൂഡാലോചനയിലേക്ക് ക്രൈംബ്രാഞ്ച് കടക്കാന്‍ സാധ്യതയില്ല. ഇതിനിടെ കതിരൂര്‍ പെലാങ്കിമെട്ടയില്‍നിന്ന് അഞ്ചുവാളുകള്‍ കണ്ടെടുത്തെങ്കിലും മനോജ് വധക്കേസുമായി ഇതിന് ബന്ധമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.