കൊല്ലം|
Last Modified തിങ്കള്‍, 26 മെയ് 2014 (16:13 IST)
ആറന്മുളയില്‍ വിമാനത്താവളം നടത്തി ലാഭം നേടാനാവില്ലെന്നും അതിനാല്‍ പദ്ധതിക്കു പിന്നില്‍ മറ്റെന്തോ ലക്‍ഷ്യം ഉണ്ടെന്നു തനിക്കു പലപ്പോഴും സംശയം തോന്നിയിട്ടുണ്ടെന്നും മന്ത്രി ഷിബു ബേബി ജോണ്‍. കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിസ്ഥിതി സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ വിമര്‍ശിക്കുന്നതു സ്ഥാപിത താല്‍പര്യക്കാരാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനേക്കാള്‍ ഗൌരവമായി തീരദേശപരിപാലന നിയമത്തെ കാണണമെന്നും മന്ത്രി പറഞ്ഞു.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആറന്മുളയില്‍ ഒരിഞ്ചു ഭൂമി പോലും നികത്തിയിട്ടില്ല. നികത്തല്‍ നടന്നപ്പോള്‍ ആരും പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യം പ്രസക്തമാണ്. നികത്തിയ മണ്ണുമുഴുവന്‍ നീക്കം ചെയ്താല്‍ ആ പ്രദേശത്തെ പൂര്‍വസ്ഥിതിയില്‍ എത്തിക്കാനാകുമോ? പരിസ്ഥിതി വാദികളും വികസനവാദികളും പ്രായോഗികമായ സമീപനത്തിലേക്ക് എത്തിച്ചേരണം.