കാസര്‍ഗോഡ്|
VISHNU.NL|
Last Modified തിങ്കള്‍, 23 ജൂണ്‍ 2014 (13:15 IST)
മൈസൂരില്‍ നിന്ന് കേരളത്തിലെ അരീക്കോട്ടേക്ക് 400 കെവി വൈദ്യുതിലൈന്‍ വലിക്കുന്നതിനെതിരെ കര്‍ണ്ണാടകയിലെ കര്‍ഷകരും പരിസ്ഥിതി പ്രവര്‍ഹ്തകരും രംഗത്ത്. കുടകിലെ കര്‍ഷകരാണ് പ്രതിഷേധത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.
ലൈന്‍ വലിക്കാന്‍ കുടകു ജില്ലയില്‍ മാത്രം പതിനായിരക്കണക്കിന് വൃക്ഷങ്ങള്‍ മുറിക്കേണ്ടി വരുമെന്നാണ് കര്‍ഷകരുടെയും പരിസ്ഥിതി സംഘടനകളുടെയും കണക്ക്. കേരളത്തിലേക്ക് കേന്ദ്രപൂള്‍ വൈദ്യുതി എത്തിക്കാനാണ് പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ മൈസൂരില്‍ നിന്ന് അരീക്കോടേക്ക് 400 കെവി ലൈന്‍ വലിക്കുന്നത്.
വനങ്ങളേക്കാള്‍ വൃക്ഷനിബിഡമായ കാപ്പിത്തോട്ടങ്ങളാണ് കുടകിലെങ്ങുമുള്ളത്. വനപ്രദേശത്തേയും തോട്ടങ്ങളിലെയും മരങ്ങള്‍ മുറിക്കുന്നത് മേഖലയിലെ പരിസ്ഥിതിയെ തകിടം മറിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു. ദക്ഷിണേന്ത്യയിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ ആശ്രയിക്കുന്ന കാവേരി നദിയുടെ മുഖ്യ വൃഷ്ടി പ്രദേശം കൂടിയാണ് കുടക്.
പരിസ്ഥിതിക്ക് അങ്ങേയറ്റം ദോഷകരമായതിനാലാണ് പദ്ധതിയെ എതിര്‍ക്കുന്നതെന്നാണ് കുടകിലെ കര്‍ഷകരുടെ നിലപാട്. വൈദ്യുതി ലൈനിനു വേണ്ടി കുറെ ഭാഗങ്ങളില്‍ 100 മീറ്റര്‍ വീതിയില്‍ വനം വെട്ടി വെളിപ്പിച്ചു കഴിഞ്ഞു. പദ്ധതി പൂര്‍ത്തിയാക്കാന്‍ ഇനിയും പതിനായിരക്കണക്കിന് മരങ്ങള്‍ മുറിച്ചു മാറ്റേണ്ടി വരും.