'ക്ലിയർ ടു ലാൻഡ് റൺവേ 10' അവസാന സന്ദേശം എടിസി ടവറിലെത്തിയത് 7.36 ന്

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 12 ഓഗസ്റ്റ് 2020 (08:12 IST)
മലപ്പുറം: കരിപ്പൂരിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്സ്‌പ്രെസ് വിമാനത്തിൽനിന്നും എയർ ട്രാഫിക് കൺട്രോളിന് അവസാന സന്ദേശം ലഭിച്ചത് അപകടത്തിന് നാല് മിനിറ്റ് മുൻപ്. റൺവേയ് 28 ലേയ്ക്കുള്ള ആദ്യ ലാൻഡിങ് ശ്രമം പരാജയപ്പെട്ടതോടെ പടിഞ്ഞാറ് ഭാഗത്തുനിന്നും റൺവേ 10ൽ ഇറങ്ങാൻ പൈലറ്റ് എടിസിയുടെ അനുവാദം തേടി. ഇതിന് പിന്നാലെ 'ക്ലിയർ ടു ലാൻഡ് റൺവേ 10' എന്ന സന്ദേശം വെള്ളിയാഴ്ച രാത്രി 7.36 ന് കോക്‌പിറ്റിൽനിന്നും എടിസി ടവറിലെത്തി.

സന്ദേശം ലഭിയ്ക്കുമ്പോൾ റൺവേയിൽനിന്നും 4 നോട്ടിക്കൾ മൈൽ അകലെയായിരുന്നു വിമാനം എന്നാണ് നിഗമനം. ഇതായിരുന്നു വിമാനത്തിൽനിന്നുമുള്ള അവസാന സന്ദേശം. 7.40 ഓടെയാണ് വിമാനം റൺവേയിൽനിന്നും തെന്നിമാറി താഴേയ്ക്ക് പതൊയ്ക്കുന്നത്. ഡിജിസിഎയുടെ അന്വേഷണ സംഘം എടിസി ടവറിൽനിന്നും വിവരങ്ങൾ ശേഖരിയ്ക്കുകയും. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽനിന്നും മൊഴിയെടുക്കുകയും ചെയ്തിരുന്നു.

എന്നാൽ ഏത് പൈലറ്റാണ് എടിസി ടവറുമായി ആശയ വിനിമയം നടത്തിയത് എന്നത് വ്യക്തമായീട്ടില്ല. കോക്‌പിറ്റ് വോയിസ് റെക്കോർഡർ പരിശോധിയ്ക്കുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത വരും. ബ്ലാക് ബോക്സിന്റെ വിശദ പരിശോധന പൂർത്തിയാകുന്നതോടെ.വിമാനത്തിന്റെ അപകട കാരണവും വ്യക്തമാകും. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ട് വൈകാതെ വ്യോമയാന മന്ത്രാലയത്തിന് കൈമാറും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :