കണ്ണൂര്‍|
JOYS JOY|
Last Modified വെള്ളി, 30 ഒക്‌ടോബര്‍ 2015 (18:06 IST)
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാരായി രാജനും കാരായി ചന്ദ്രശേഖരനും കണ്ണൂരില്‍ പ്രവേശിക്കാന്‍ അനുമതി. വിലക്കിനെ തുടര്‍ന്ന്, ജില്ല പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കാരായി രാജനും തലശ്ശേരി നഗരസഭയിലേക്ക് മത്സരിക്കുന്ന കാരായി ചന്ദ്രശേഖരനും തെരഞ്ഞെടുപ്പു പ്രചാരണത്തിനായി രംഗത്തിറങ്ങാന്‍ സാധിച്ചിരുന്നില്ല.
എന്നാല്‍, ഇരുവര്‍ക്കും കണ്ണൂരില്‍ പോകാന്‍ സി ബി ഐ കോടതി അനുമതി നല്കിയതോടെ സ്വന്തം മത്സരയിടങ്ങളില്‍ വോട്ടര്‍മാരെ കാണാന്‍ ഇവരെത്തും. ഫസല്‍ വധക്കേസിലെ പ്രതികളായ ഇവര്‍ക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ജില്ല പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയായി കണ്ണൂരിലെ പാട്യം ഡിവിഷനില്‍ നിന്നാണ് കാരായി രാജന്‍ മത്സരിക്കുന്നത്. തലശ്ശേരി നഗരസഭയിലേക്ക് ചില്ലത്തറ വാര്‍ഡില്‍ നിന്നാണ് കാരായി ചന്ദ്രശേഖരന്‍ മത്സരിക്കുന്നത്.
നേരത്തെ, നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ കണ്ണൂര്‍ ജില്ലയിലേക്ക് പോകാന്‍ കോടതി ഇരുവര്‍ക്കും അനുമതി നല്കിയിരുന്നു. ഇതനുസരിച്ച് പന്ത്രണ്ടാം തിയതി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച ഇരുവരും 13ന് തിരിച്ച് കൊച്ചിയിലെത്തിയിരുന്നു.