കണ്ണൂരില്‍ സ്‌കൂളില്‍ ഉപയോഗശൂന്യമായി കിടന്ന കിണറ്റില്‍ വീണ് വിദ്യാര്‍ത്ഥി മരണമടഞ്ഞ സംഭവം; വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 17 ഒക്‌ടോബര്‍ 2024 (19:37 IST)
കണ്ണൂര്‍ ജില്ലയില്‍ മാലൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഉപയോഗശൂന്യമായി കിടന്ന കിണറ്റില്‍ വീണ് മരണമടഞ്ഞ വിദ്യാര്‍ത്ഥി ആദര്‍ശിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം അനുവദിച്ച സംസ്ഥാന സര്‍ക്കാരിനെ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ പി സുരേഷ് അഭിനന്ദിച്ചു. അതേസമയം
നിര്‍ഭാഗ്യകരമായ
ഇത്തരം ദുരന്തങ്ങള്‍ അവര്‍ത്തിക്കാതിരിക്കാന്‍ കമ്മീഷന്‍ നല്‍കിയ ശുപാര്‍ശകള്‍ അടിയന്തരമായി നടപ്പാക്കണമെന്ന് പി. സുരേഷ് ആവശ്യപ്പെട്ടു. സ്‌കൂളുകള്‍ കുട്ടികള്‍ക്ക് സുരക്ഷിതമായ ഇടങ്ങളായി മാറേണ്ടത് ബാലാവകാശ സംരക്ഷണത്തിന്റെ അടിസ്ഥാന ആവശ്യങ്ങളില്‍പ്പെടുന്നതാണ്.

കേരളത്തിലെ സ്‌കൂളുകളില്‍ അപകടാവസ്ഥയില്‍ ഉളള കിണറുകള്‍, കുളങ്ങള്‍, കുഴികള്‍ എന്നിവ മൂടണം. അപകടാവസ്ഥയിലുള്ള സ്‌കൂള്‍ കെട്ടിടങ്ങള്‍, മതിലുകള്‍, മരങ്ങള്‍ എന്നിവ കണ്ടെത്തി അപകടം ഒഴിവാക്കണം. ഇതിന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ജിനീയറും ജില്ല അഗ്‌നി ശമന സേനയും ചേര്‍ന്ന് ഓഡിറ്റ് നടത്തി ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നും പി. സുരേഷ്, കമ്മീഷന്‍ അംഗം ഡോ. എം പി ആന്റണി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് നേരത്തെ ഉത്തരവായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ സ്‌കൂളുകള്‍ സുരക്ഷിതമാണെന്ന് പറയാന്‍ കഴിയുമോ എന്ന് സംശയമാണ്. ബന്ധപ്പെട്ടവര്‍ ഇക്കാര്യത്തില്‍ വേണ്ട ജാഗ്രത പുലര്‍ത്തണമെന്ന് പി. സുരേഷ് ആവശ്യപ്പെട്ടു.

പി.ഇ.ടി പീരിഡില്‍ ഫുട്‌ബോള്‍ കളിക്കിടയില്‍ സ്‌കൂള്‍ മൈതാനത്തിന് സമീപം ഉപയോഗശൂന്യമായി കിടന്ന കിണറ്റിലേക്ക് ആദര്‍ശ് കാല്‍ വഴുതി വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയവേ ജീവന്‍ പൊലിഞ്ഞു. സ്ഥലം സന്ദര്‍ശിച്ച സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുകയായിരുന്നു. ഉപയോഗ്യമല്ലാത്ത കിണര്‍ മൂടുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ മനപ്പൂര്‍വം അല്ലാത്ത നരഹത്യയ്ക്കു കേസെടുക്കണമെന്നും ആവശ്യമെങ്കില്‍ ധനസഹായത്തുക അവരില്‍ നിന്ന് ഈടാക്കാമെന്നും കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

നേരത്തെ വയനാട്ടില്‍ ക്ലാസ് മുറിയില്‍ പാമ്പു കടിയേറ്റ് മരിച്ച ഷഹലയുടെ കുടുംബത്തിനും കമ്മീഷന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സമാനമായ സഹായം അനുവദിച്ചിരുന്നു. രണ്ട് പേര്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക അനുവദിക്കുക. 2018 ഡിസംബറില്‍ ആയിരുന്നു മാലൂര്‍ അപകടം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :