രേണുക വേണു|
Last Modified വെള്ളി, 22 ഒക്‌ടോബര്‍ 2021 (08:54 IST)
ഇടുക്കി വണ്ണപ്പുറം കമ്പകക്കാനത്ത് മന്ത്രവാദിയെയും കുടുംബത്തെയും കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി വീട്ടില്‍ മരിച്ച നിലയില്‍. കൊരങ്ങാട്ടി തേവര്‍ കുഴിയില്‍ അനീഷി (34) നെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയിലധികം പഴക്കമുണ്ട്. വീട്ടില്‍നിന്ന്, ഏലത്തിന് ഉപയോഗിക്കുന്ന കീടനാശിനി കലക്കിവെച്ചത് കണ്ടെത്തി. വിഷംകഴിച്ച് ജീവനൊടുക്കിയതായാണ് പ്രഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ.
2018 ഓഗസ്റ്റ് ഒന്നിനാണ് കേരളത്തെ നടുക്കിയ കമ്പകക്കാനം കൂട്ടക്കൊല നടക്കുന്നത്. ഇതിന്റെ മുഖ്യ സൂത്രധാരനാണ് അനീഷ്. വണ്ണപ്പുറം കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊന്നുകുഴിച്ചുമൂടിയെന്നായിരുന്നു വാര്‍ത്ത. മന്ത്രവാദിയായ കാനാട്ട് വീട്ടില്‍ കൃഷ്ണന്‍ (54), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (17) എന്നിവരെ കവര്‍ച്ച ലക്ഷ്യമിട്ട് അനീഷിന്റെ നേതൃത്വത്തില്‍ ക്രൂരമായി കൊലപ്പെടുത്തി വീടിന് സമീപമുള്ള ചാണകക്കുഴിയില്‍ കുഴിച്ചിട്ടെന്നാണ് പൊലീസ് കുറ്റപത്രം. മന്ത്രവാദിയായ കൃഷ്ണന്റെ ശിഷ്യനായിരുന്നു അനീഷ്.
കുറ്റപത്രം സമര്‍പ്പിക്കാന്‍ താമസിച്ചതിനാല്‍ 100 ദിവസത്തിന് ശേഷം അനീഷ് ഉള്‍പ്പടെയുള്ള പ്രതികള്‍ ജാമ്യത്തിലിറങ്ങി. ഒരുവര്‍ഷത്തിന് മുന്‍പ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല. ജാമ്യത്തിലിറങ്ങിയശേഷം വിഷാദരോഗത്തിന് അടിപ്പെട്ട അനീഷ് തൃശ്ശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. പിന്നീട് തിരികെയെത്തി. അമ്മ എറണാകുളത്ത് ജോലി ചെയ്യുന്നതിനാല്‍ കൊരങ്ങാട്ടിയിലെ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു.സമീപവാസികളുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. വ്യാഴാഴ്ച വൈകിട്ട് വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ അടിമാലി പൊലീസിനെ വിവരമറിയിച്ചത്.