സ്കൂൾ കലോത്സവവും അന്താരാഷ്‌ട്ര ചലച്ചിത്രമേളയും ഉൾപ്പടെയുള്ള എല്ലാ ആഘോഷ പരിപാടികളും ഒരു വർഷത്തേക്ക് റദ്ദാക്കി; ഇതിനായി നീക്കിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

Sumeesh| Last Updated: ചൊവ്വ, 4 സെപ്‌റ്റംബര്‍ 2018 (16:18 IST)
തിരുവനന്തപുരം: കേരളത്തിൽ പ്രളയം ഏൽപ്പിച്ച കടുത്ത അഘാതത്തിൽ നിന്നും കരകയറുന്നതിനായി സംസ്ഥാനത്തെ എല്ലാ ഉത്സവ ആഘോഷ പരിപാടികളും ഒരു വർഷത്തേക്ക് റദ്ദാക്കികൊണ്ട് ഉത്തരവിറക്കി. സംസ്ഥാന സ്കൂൾ കലോത്സവം, അന്തരാഷ്ട്ര ചൽച്ചിത്രമേള, ടൂറിസം ഉത്സവം ഉൾപ്പടെ എല്ലാ ആഘോഷ പരിപാടികളും റദ്ദാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഇത്തരം പരിപാടികൾക്കായി മറ്റിവച്ചിരുന്ന തുക കേരള പുനർ നിർമ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ഉത്തരവ് വ്യക്തമാക്കുന്നു. പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി വിശ്വാനാഥ് സിൻ‌ഹ ചൊവ്വാഴ്ചയാണ് ഉത്തരവ് പുറത്തിറക്കിയത്.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാ മാമാങ്കമായ കേരള സ്കൂൾ കലോത്സവം പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച ആലപ്പുഴ ജില്ലയിലാണ് നടത്താൻ തീരുമാനിച്ചത്. ഡിസംബർ 5 മുതൽ 9 വരെയായിരുന്നു സംസ്ഥാന സ്കൂൾ കലോത്സവം നടത്താൻ തീരുമാനിച്ചിരുന്നത്. പ്രളയ ദുരന്തത്തെ തൂടർന്ന് നേരത്തെ ഓണാഘോഷവും സ്വാതന്ത്ര്യ ദിനാഘോഷവും മാറ്റിവച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :