തെരുവുനായ്‌ക്കളെ കൊന്നു; പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു

തെരുവുനായ്‌ക്കളെ കൊന്നു; പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു

കാലടി| Last Modified ബുധന്‍, 12 ഒക്‌ടോബര്‍ 2016 (08:09 IST)
തെരുവുനായ്ക്കളെ കൊന്നതിന് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവര്‍ക്ക് എതിരെ കേസ്. എറണാകുളം ജില്ലയിലെ കാലടി ഗ്രാമപഞ്ചായത്തിലാണ് സംഭവം. പഞ്ചായത്ത് പ്രസിഡന്റ് അടക്കം
17 അംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട്, ഇവരെ റോജി എം ജോണ്‍ എം എല്‍ എ എത്തി ജാമ്യത്തിലിറക്കി.

ഉന്മൂലസംഘത്തിന്റെ സഹായത്തോടെ 30 നായ്ക്കളെയാണ് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ പിടികൂടി കൊന്നത്. കാലില്‍ തൂക്കി നിലത്തടിച്ചും ചാക്കിലിട്ട് നിലത്തടിച്ചുമെല്ലാമാണ് കൊന്നതെന്നായിരുന്നു ആരോപണം. നായ്ക്കളെ കൊന്ന രീതി വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന്, കുഴിച്ചിട്ട നായ്ക്കളെ പുറത്തെടുത്ത് വെറ്ററിനറി സര്‍ജന്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. എന്നാല്‍, ഇതിന്റെ റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചിട്ടില്ല.

നേരത്തെ, നായ്ക്കളെ കൊന്ന് പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ മൃഗസ്നേഹികള്‍ നല്കിയ പരാതിയില്‍ സുപ്രീംകോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കി റിപ്പോര്‍ട്ട് നല്കാനാണ് കോടതി ആവശ്യപ്പെട്ടിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :