ജലീലിനെ ചോദ്യം ചെയ്‌തത് 6 മണിക്കൂര്‍; ഇല്ലാത്ത കുരുക്ക് മുറുക്കേണ്ടെന്ന് മന്ത്രി

ജോണ്‍സി ഫെലിക്‍സ്| Last Modified തിങ്കള്‍, 9 നവം‌ബര്‍ 2020 (22:17 IST)
നയതന്ത്ര ചാനല്‍ വഴി മതഗ്രന്ഥം എത്തിച്ച് വിതരണം ചെയ്‌ത സംഭവത്തില്‍
മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ആറുമണിക്കൂര്‍ ചോദ്യം ചെയ്‌തു. പൊലീസ് സുരക്ഷയില്‍ ഔദ്യോഗിക വാഹനത്തിലാണ് മന്ത്രി കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്. തനിക്കെതിരെ കയര്‍ മുറുക്കുന്നവരുടെ കയര്‍ പൊട്ടുമെന്നല്ലാതെ മറ്റൊന്നും സംഭവിക്കുകയില്ലെന്ന് മന്ത്രി ഫേസ്‌ബുക്കില്‍ കുറിച്ചു:

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

മുറുകാത്ത കുരുക്ക് മുറുക്കി വെറുതേ സമയം കളയണ്ട

മാധ്യമങ്ങളിൽ പരസ്യപ്പെടുത്തി മൊഴിയെടുക്കാൻ കസ്റ്റംസ് വിളിച്ചത് കൊണ്ട് ഔദ്യോഗികമായിത്തന്നെ കസ്റ്റംസ് ഓഫീസിലെത്തി കാര്യങ്ങളുടെ നിജസ്ഥിതി ബോദ്ധ്യപ്പെടുത്തി. NIA യും ED യും മൊഴിയെടുക്കാൻ
വിളിച്ചത് കോൺഫിഡൻഷ്യലായതിനാൽ കോൺഫിഡൻഷ്യലായാണ് പോയത്.

ഒരിക്കൽകൂടി ഞാൻ ആവർത്തിക്കുന്നു; ആയിരം ഏജൻസികൾ പതിനായിരം കൊല്ലം തപസ്സിരുന്ന് അന്വേഷിച്ചാലും, സ്വർണ്ണക്കള്ളക്കടത്തിലോ, ഏതെങ്കിലും സാമ്പത്തിക തട്ടിപ്പിലോ അഴിമതിയിലോ, നാട്ടുകാരെ പറ്റിച്ച് ഷെയർ സ്വരൂപിച്ച് തുടങ്ങിയ ബിസിനസ് പൊളിഞ്ഞ കേസിലോ, അവിഹിത സ്വത്ത് സമ്പാദനം നടത്തിയതിൻ്റെ പേരിലോ, പത്തുപൈസ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലോ, എനിക്കെതിരെ സൂക്ഷ്മാണു
വലിപ്പത്തിലുള്ള തെളിവുപോലും കൊണ്ടുവരാൻ കഴിയില്ല. സത്യമേവ ജയതേ.

ഈ ഉറപ്പാണ്, എന്നെപ്പോലെ സാധാരണക്കാരനായ ഒരു പൊതുപ്രവർത്തകൻ്റെ എക്കാലത്തുമുള്ള ആത്മബലം. എൻ്റെ കഴുത്തിൽ കുരുക്ക് മുറുക്കി മുറുക്കി, മുറുക്കുന്നവർ കുഴയുകയോ കയർ പൊട്ടുകയോ ചെയ്യുമെന്നല്ലാതെ, മറ്റൊന്നും സംഭവിക്കില്ല. ഇത് അഹങ്കാരമോ വെല്ലുവിളിയോ അല്ല, തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യത്തിൽ നിന്നുള്ള മനോധൈര്യമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :