മുല്ലപ്പെരിയാര്‍ ഇപ്പോള്‍ പൊട്ടും എന്ന് പറഞ്ഞ് മനുഷ്യച്ചങ്ങല തീര്‍ത്ത മുഖ്യമന്ത്രി ഇപ്പോള്‍ ആശങ്ക പ്രകടിപ്പിക്കുന്നവരെ ജയിലിലടക്കുമെന്ന് പറയുന്നത് വങ്കത്തരം: കെ സുധാകരന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (20:31 IST)
പത്തുവര്‍ഷം മുമ്പ് മുല്ലപ്പെരിയാര്‍ ഡാം ഇപ്പോള്‍ പൊട്ടും എന്നു പറഞ്ഞ് മുല്ലപ്പെരിയാര്‍ മുതല്‍ കൊച്ചി വരെ മനുഷ്യച്ചങ്ങല തീര്‍ക്കുകയും ഘോരഘോരം

പ്രസംഗിക്കുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ ഡാമിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നവരെ ജയിലിലടയ്ക്കുമെന്നു പറയുന്നത് വങ്കത്തരമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. അന്ന് ഏറ്റവും കൂടുതല്‍ ഭീതി പരത്തിയത് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനുമായിരുന്നു.

പ്രതിപക്ഷത്തിരുന്നപ്പോള്‍ മുന്‍ വൈദ്യുതമന്ത്രി എംഎം മണിയെപ്പോലുള്ള സിപിഎം നേതാക്കളാണ് മുല്ലപ്പെരിയാര്‍ പ്രദേശത്തെ ഭൂചലനങ്ങളെ തുടര്‍ന്ന് ഡാംമിന്റെ സുരക്ഷ സംബന്ധിച്ച പരിഭ്രാന്തി പടര്‍ത്താന്‍ മുന്നില്‍ നിന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിലനില്‍പ്പ് സംബന്ധിച്ച് കേരളത്തിന് ആശങ്കയുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ആശങ്ക പ്രകടിപ്പിക്കുന്നവരെ പോലീസിനെ ഉപയോഗിച്ച് നിശബ്ദമാക്കാന്‍ ശ്രമിക്കുന്നതിന് പകരം അണക്കെട്ടിന് ഭീഷണിയുര്‍ന്നാല്‍ നേരിടാനുള്ള തയാറെടുപ്പുകളാണ് കേരളം നടത്തേണ്ടത്. അതോടൊപ്പം പുതിയ ഡാമിനുവേണ്ടിയുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുകയും വേണം. കേരളത്തിനു സുരക്ഷ, തമിഴ്നാടിന് വെള്ളം എന്ന് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടാണ് അഭികാമ്യമെന്ന് സുധാകരന്‍ എംപി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :