ഉറപ്പുള്ള സീറ്റായ കണ്ണൂരില്‍ കെ സുധാകരന്‍ ഇല്ല; ഇത്തവണ മത്സരിക്കുന്നത് ഉദുമ തിരിച്ചുപിടിക്കാന്‍

ഉറപ്പുള്ള സീറ്റായ കണ്ണൂരില്‍ കെ സുധാകരന്‍ ഇല്ല; ഇത്തവണ മത്സരിക്കുന്നത് ഉദുമ തിരിച്ചുപിടിക്കാന്‍

ഉദുമ| JOYS JOY| Last Modified ചൊവ്വ, 8 മാര്‍ച്ച് 2016 (17:47 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ അങ്കത്തിനൊരുങ്ങി കെ സുധാകരന്‍. എന്നാല്‍, ഉറപ്പുള്ള സീറ്റായ കണ്ണൂരില്‍ നിന്നല്ല ഇത്തവണ സുധാകരന്‍ മത്സരിക്കുന്നത്. കാസര്‍കോഡ് ജില്ലയിലെ മണ്ഡലം പിടിച്ചെടുക്കാന്‍ ഇത്തവണ സുധാകരനെ വേണമെന്ന് കാസര്‍കോഡ് ഡി സി സി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയെങ്കില്‍ 1987ലെ തെരഞ്ഞെടുപ്പിനു ശേഷം ഒരിക്കല്‍ പോലും കോണ്‍ഗ്രസിനെ തുണയ്ക്കാത്ത മണ്ഡലത്തെ മെരുക്കാന്‍ സുധാകരന്‍ കണ്ണൂരില്‍ നിന്നെത്തും.

അതേസമയം, ഉദുമയില്‍ മത്സരിക്കാന്‍ സമ്മതമാണെന്ന് അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കണ്ണൂരിനു പുറമേ ഉദുമയിലും സുധാകരന്റെ പേര് ഉള്‍പ്പെടുത്തിയാണ് ഹൈക്കമാന്‍ഡിന് നല്കിയ സ്ഥാനാര്‍ത്ഥി ലിസ്റ്റ് അയച്ചിരിക്കുന്നത്.

നേരത്തെ, സുധാകരന് വേണ്ടി കണ്ണൂര്‍ സീറ്റ് അബ്‌ദുള്ളക്കുട്ടി ഒഴിഞ്ഞു കൊടുക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, പുതിയ നിര്‍ദ്ദേശം വന്നതോടെ ഈ ആശങ്ക കുറേ ഒക്കെ മാറിയിട്ടുണ്ട്. ഉദുമയില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ ജയിക്കാമെന്ന് ഡി സി സി റിപ്പോര്‍ട്ട് നല്കിയിരുന്നു. ഡി സി സി ആവശ്യപ്പെട്ട പേരുകളില്‍ ഒന്ന് സുധാരകരന്റേതും ആയിരുന്നു.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ടി സിദ്ദിഖ് ഉദുമ നിയമസഭാമണ്ഡലത്തില്‍ ലീഡ് പിടിച്ചിരുന്നു. ഇതാണ് കോണ്‍ഗ്രസിന് പ്രതീക്ഷ നല്കുന്ന ഘടകം. എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ പതിനായിരത്തോളം വോട്ടിന്റെ ലീഡുള്ളതിനാല്‍ മണ്ഡലം കൈവിടാതെ സൂക്ഷിക്കാന്‍ കഴിയുമെന്നു തന്നെയാണ് സി പി എം വിശ്വസിക്കുന്നത്. സി പി എം സ്ഥാനാര്‍ത്ഥിയായി കെ വി കുഞ്ഞിരാമന്‍ ആയിരിക്കും ഇവിടെ നിന്ന് മത്സരിക്കുക

മണ്ഡല പുനര്‍വിഭജനത്തിനു ശേഷം 2011ലെ തെരഞ്ഞെടുപ്പില്‍ കെ കുഞ്ഞിരാമന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സി കെ ശ്രീധരനെ 11, 380 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ഉദുമ, ചെമ്മനാട്, ദേലമ്പാടി, ബേഡകം, കുറ്റിക്കോല്‍, പള്ളിക്കര, മുളിയാര്‍, പുല്ലൂര്‍, പെരിയ എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് ഉദുമ.

അവസാനമായി 1987ലാണ് നിയമസഭയിലേക്ക് ഇവിടെ നിന്ന് അവസാനമായി ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തെരഞ്ഞെടുക്കപ്പെട്ടത്, പിന്നീട് വര്‍ഷം ഇത്ര കഴിഞ്ഞിട്ടും ഉദുമ പിടിക്കാന്‍ കോണ്‍ഗ്രസിന് ആയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഉദുമ പിടിക്കാന്‍ സുധാകരനെ കണ്ണൂരില്‍ നിന്ന് കാസര്‍കോഡ് എത്തിക്കാന്‍ നേതൃത്വം ആലോചിക്കുന്നത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :