കണ്ണൂർ|
സജിത്ത്|
Last Modified ചൊവ്വ, 24 ജനുവരി 2017 (16:29 IST)
വിജിലൻസ് തത്തയ്ക്കു ഞരമ്പു രോഗമാണെന്നു കെ മുരളീധരൻ എംഎൽഎ. അനാവശ്യമായി ആളുകളെ
ദ്രോഹിക്കുകയെന്നതാണ് ആ ഞരമ്പ് രോഗത്തിന്റെ പ്രധാന ലക്ഷണം. കെ ബാബു, കെ സി.ജോസഫ്, ഉമ്മൻ ചാണ്ടി എന്നിവരെയെല്ലാം ആ തത്ത ദ്രോഹിച്ചതിന് കണക്കില്ലെന്നും കണ്ണൂരിൽ യുഡിഎഫ് ജില്ലാ കമ്മിറ്റി നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുവെ അദ്ദേഹം വ്യക്തമാക്കി.
ബാർ കോഴ കേസുകളുടെ ത്വരിതപരിശോധന റിപ്പോർട്ടുകളൊന്നും ഇപ്പോഴില്ല. കേസില്‍ രാഷ്ട്രീയക്കാരെ
കിട്ടില്ലെന്ന് മനസിലാക്കിയാണ് ആ തത്ത ഇപ്പോള്‍ ഐ.എ.എസ് ഉദ്യോഗസ്ഥർക്കെതിരെ
തിരിഞ്ഞിരിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു. കൂടാതെ ഇ.പി.ജയരാജന്റെ കാര്യം വന്നപ്പോൾ കോടതി ഉത്തരവിട്ട ശേഷമാണു ത്വരിത പരിശോധനാ റിപ്പോർട്ട് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് പൂർത്തിയാക്കിയ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുക എന്നത് മാത്രമാണ് ഇപ്പോൾ ഇടതു മന്ത്രിമാരുടെ ജോലി. മോദി – പിണറായി കൂടിക്കാഴ്ചയ്ക്കു ശേഷമാണ്
ലോക്നാഥ് ബെഹ്റയെ ഡിജിപിയാക്കാൻ തീരുമാനിച്ചത്. കോൺഗ്രസിനോടു മാത്രമേ മോദിക്കു വിരോധമുള്ളു. ഒരാൾ കുർത്തയണിയുന്നു, മറ്റൊരാൾ മുണ്ടുടുക്കുന്നു. ഈനാംപേച്ചിക്കു മരപ്പട്ടി കൂട്ട് എന്ന അവസ്ഥയാണുള്ളതെന്നും മുരളി പരിഹസിച്ചു.